District News
മണിമല: സാറുമ്മാരേ എത്ര കിലോ പൂവ് വേണം. ചോദിക്കുന്നത് യൂണിഫോമിട്ട കുറച്ചു കുട്ടികൾ. പൂവ് മേടിക്കാനെത്തിയത് കാഞ്ഞിരപ്പിള്ളി താലൂക്ക് ഓഫീസിലെ ജീവനക്കാരും.
മണിമല കറിക്കാട്ടൂർ സിസിഎം എച്ച്എസ്എസ് സ്കൂൾ മൂറ്റമാണ് സ്ഥലം. സ്കൂളിലെ വിദ്യാർഥികൾ ഈ ഓണക്കാലത്ത് പൂവ് വില്പനയിലാണ്. സ്കൂൾ തുറന്ന ആദ്യ ആഴ്ച തന്നെ വിദ്യാർഥികൾ നട്ട ബന്ദി തൈകൾ പൂത്തുലഞ്ഞ് മഞ്ഞയും ഓറഞ്ചു കലർന്ന വർണപൂക്കളായി.
20 സെന്റ് സ്ഥലത്താണ് ചാണകവും കോഴി വളവും ചേർത്തൊരുക്കിയ മണ്ണിൽ മൾച്ചിംഗ് ഷീറ്റ് പാകി ബന്ദി തൈ നട്ടത്. അഞ്ചു മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിലെ 754 കുട്ടികളും അധ്യാപകരും അനധ്യാപകരുമായ 52 പേരുമാണ് പൂന്തോട്ടത്തിനു പിന്നിൽ.
കൂട്ടിക്കൽ കാർഷിക നഴ്സറിയിൽ നിന്നുമാണ് അഞ്ചു രൂപയ്ക്ക് തൈകൾ വാങ്ങിയത്. സമീപ പ്രദേശങ്ങളിലുള്ളവർക്ക് അഞ്ചു രൂപ നിരക്കിൽ ബന്ദി തൈ വിൽക്കുന്നുണ്ട്. മണിമല കൃഷി ഓഫീസർ അരുണ്‍ ജോസഫ് ആവശ്യമായ നിർദേശം നല്‍കിയിരുന്നു.
ഓരോ ക്ലാസിലെ വിദ്യാർഥികൾക്കും തൈ നടൽ മുതൽ വിളവെടുപ്പ് വരെയുള്ള കാലത്ത് ഓരോ പ്രവർത്തനങ്ങൾക്കും അവസരം നല്‍കിയിരുന്നു. റോണി കെ. ബേബി എംഎൽഎ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.
കിലോഗ്രാമിനു 140 മുതൽ 150 രൂപ വരെ നിരക്കിൽ 110 കിലോയോളം ബന്ദി പൂക്കൾ വില്പന നടത്തി. പ്രദേശത്തെ മിക്ക സർക്കാർ സ്ഥാപനങ്ങളും പൂക്കൾ വാങ്ങിയതു ഇവിടെ നിന്നാണ്.
പ്രിൻസിപ്പൽ ഷാജി കുര്യാക്കോസ്, ഹെഡ് മാസ്റ്റർ ഷിനോജ് ജോസഫ്, പിടിഎ അംഗങ്ങൾ എന്നിവർ കുട്ടിക്കർഷകർക്ക് പിന്തുണയുമായി ഒപ്പമുണ്ട്. പത്താം ക്ലാസ് വിദ്യാർഥിനി തെരേസ സുജോയ്ക്ക് ഇത്തവണ മണിമല പഞ്ചായത്തിന്റെ മികച്ച കുട്ടിക്കർഷക അവാർഡും ലഭിച്ചിരുന്നു.
ബന്ദി കൃഷി വിളവെടുത്തശേഷം പച്ചമുളക് കൃഷി ആരംഭിക്കും. കൃഷിയിലൂടെ ലഭിക്കുന്ന പണം വിവിധ ആഘോഷങ്ങൾക്കും പഠനോപകരണങ്ങൾ വാങ്ങാനുമാണ് ഉപയോഗിക്കുന്നത്.
International
നെയ്പിഡോ: മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെ വ്യോമാക്രമണം. മ്യാൻമറിലെ മധ്യ സഗൈംഗ് മേഖലയിൽ മ്യാൻമർ സൈന്യമാണ് വ്യോമാക്രമണം നടത്തിയത്. ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു. 20ലധികം പേർക്ക് പരിക്കേറ്റു. ഒരാഴ്ച നീണ്ടുനിന്ന ധ്യാന ക്യാമ്പിൽ പങ്കെടുത്തവരാണ് കൊല്ലപ്പെട്ടത്. നൂറിലധികം പേർ ക്യാമ്പിൽ പങ്കെടുത്തിരുന്നു. സായുധ ഗോത്ര സംഘങ്ങൾക്ക് നേരെ മ്യാൻമർ സൈന്യം നടത്തുന്ന ആക്രമണ പരമ്പരകളുടെ ഭാഗമാണിത്.
വെള്ളിയാഴ്ച രാവിലെ ഒൻപതോടെ മ്യാംഗ് ടൗൺഷിപ്പിലെ സ്വെലെയോ ഗ്രാമത്തിലാണ് ആക്രമണമുണ്ടായത്. ഗ്രാമത്തിലെ ബുദ്ധവിഹാര വളപ്പിലേക്ക് യുദ്ധവിമാനം ബോംബെറിയുകയായിരുന്നുവെന്ന് സിവിൽ ഡിഫൻസ് വക്താവ് നവേ ഓ വ്യക്തമാക്കി. 15 മിനിറ്റിന്റെ വ്യത്യാസത്തിൽ രണ്ട് ബോംബുകളാണ് വിമാനം വർഷിച്ചതെന്ന് പ്രദേശവാസി വെളിപ്പെടുത്തി.
ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ സംസ്കരിച്ച ശേഷം ഗ്രാമീണർ സമീപ പ്രദേശങ്ങളിലേക്ക് പലായനം ചെയ്തു. മ്യാൻമർ സൈന്യം വീടുകൾ, സ്കൂളുകൾ, അഭയാർത്ഥി ക്യാമ്പുകൾ എന്നിവ ലക്ഷ്യമിട്ട് ബോധപൂർവം വ്യോമാക്രമണങ്ങളും പീഡനങ്ങളും നടത്തുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതി നിയമിച്ച അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച പുറത്തുവിട്ട വാർഷിക റിപ്പോർട്ടിലാണ് ഐഐഎംഎം ഈ വിവരങ്ങൾ വ്യക്തമാക്കുന്നത്. വ്യോമാക്രമണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, ആക്രമണങ്ങൾക്കുള്ള ഉത്തരവുകൾ നൽകുന്ന സൈനിക കമാൻഡ് ഘടനയെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് സമിതി തലവൻ നിക്കോളാസ് കൂംജിയൻ പറഞ്ഞു. സ്കൂളുകൾക്കും ആശുപത്രികൾക്കും നേരെയുള്ള ആക്രമണങ്ങളുടെ തെളിവുകൾ ശേഖരിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
കരിമ്പൻ: പശ്ചിമഘട്ടത്തെ പരിസ്ഥിതി ലോലപ്രദേശമായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തിൽ പ്രത്യേകിച്ച് ഇടുക്കി പോലുള്ള മലയോര ജില്ലകളിൽ സംജാതമായിരിക്കുന്ന പ്രതിസന്ധി അടിയന്തരമായി പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഇടുക്കി രൂപത ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫിന് രൂപത അധികൃതർ നിവേദനം നൽകി.
2026 ജൂലൈ 28 -നു പുറത്തിറങ്ങിയ ഏഴാമത്തെ കരട് വിജ്ഞാപനം മുൻ വിജ്ഞാപനങ്ങളിൽ നിന്നും മാറ്റമില്ലാതെ പ്രസിദ്ധീകരിച്ചത് ആശങ്കാജനകമാണ്. സംസ്ഥാന സർക്കാരിന്റെ ശിപാർശകൾ പരിഗണിച്ചിട്ടില്ല എന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. പുതിയ വിജ്ഞാപനത്തെ കുറിച്ചുള്ള പരാതികൾ സമർപ്പിക്കുന്നതിന് സെപ്റ്റംബർ 25 വരെയാണ് സമയം നൽകിയിട്ടുള്ളത്. ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ ജനങ്ങളുടെ ആശങ്കകളും എതിർപ്പുകളും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ രേഖാമൂലം അറിയിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം.
വീടുകളും ജനവാസ മേഖലകളും ഇഎസ്എ പരിധിയിൽ നിന്നും പൂർണമായി ഒഴിവാക്കണം. കൃഷി ഭൂമിയും തോട്ടങ്ങളും ഇഎസ്എ യിൽ ഉൾപ്പെട്ടാൽ ഭാവിയിലെ നിർമാണ പ്രവർത്തനങ്ങൾ, ഭൂവിനിയോഗം, കൃഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിവയിൽ കർശന നിയന്ത്രണങ്ങൾ വരുമോയെന്ന ഭയം കർഷകർക്കിടയിൽ ശക്തമാണ്. റോഡ്, വീട്, പൊതുസ്ഥാപനങ്ങൾ, ചെറുകിട സംരംഭങ്ങൾ തുടങ്ങിയ സാധാരണ ജനജീവിതവുമായി ബന്ധപ്പെട്ട അടിസ്ഥാന വികസന പ്രവർത്തനങ്ങൾക്ക് അനാവശ്യമായ തടസം സൃഷ്ടിക്കാൻ ഇഎസ്എ പ്രഖ്യാപനം ഇടവരുത്തുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.
എല്ലാ പ്രദേശങ്ങൾക്കും ഒരേ നിയന്ത്രണം ഏർപ്പെടുത്തുന്നതിന് പകരം വനമേഖല, പരിസ്ഥിതി പ്രാധാന്യമുള്ള മേഖല, കൃഷി - ജനവാസ മേഖല എന്നിങ്ങനെ ശാസ്ത്രീയമായി തിരിച്ചു വ്യത്യസ്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തണംഎന്ന നിർദേശവും രൂപത മുന്നോട്ടുവച്ചു. രൂപത വികാരി ജനറാൾ മോൺ. ഏബ്രഹാം പുറയാറ്റ്, ഫാ.ഡോ. ജോർജ് തകിടിയേല്‍, ഫാ. ജിൻസ് കാരയ്ക്കാട്ട്, അലക്സ് തോമസ് എന്നിവർ ചേർന്നാണ് മന്ത്രിക്ക് നിവേദനം സമർപ്പിച്ചത്.
Kerala
കണ്ണൂർ: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ ഇഡി നിലപാട് കടുപ്പിച്ചതോടെ പ്രതിരോധവുമായി സിപിഎം. പാർട്ടി മുഖപത്രത്തിൽ ഇന്നലെ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് ഇത്തരം ഏത് നീക്കത്തെയും ജനാധിപത്യപരമായും നിയമപരമായും രാഷ്ട്രീയമായും നേരിടാനുള്ള കരുത്തും ആർജവവും സിപിഎമ്മിനുണ്ടെന്നും വ്യക്തമാക്കുന്നത്. ഇഡിയുടെ രാഷ്ട്രീയവേട്ട വിലപ്പോകില്ലെന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിൽ മാസപ്പടി കേസിൽ പത്രക്കുറിപ്പ് ഇറക്കിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെയും അതു പ്രസിദ്ധീകരിച്ച മാധ്യമങ്ങളെയും രൂക്ഷമായി വിമർശിക്കുന്നുണ്ട്.
ഒരു സ്ഥാപനത്തിനോ വ്യക്തികൾക്കോ എതിരേ ഉയർന്ന ആരോപണങ്ങളെപ്പറ്റി അന്വേഷിക്കുന്നതിന്റെ പരിധികടന്ന് ഒരു രാഷ്ട്രീയ പാർട്ടിയെയും അതിന്റെ നേതാക്കളെയും അവരുമായി ബന്ധമുള്ളവരെയും ലക്ഷ്യമിട്ട് പരിശോധനകൾ നടക്കുന്നത് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നു മുഖപ്രസംഗത്തിൽ പറയുന്നു. പാർട്ടി നേതാക്കളുടെ സുഹൃത്തുക്കളിലേക്കും കടന്നുചെന്ന് അന്വേഷണത്തിന്റെ പേരിൽ ഭീകരത സൃഷ്ടിക്കുകയാണ്.
അപസർപ്പക കഥകൾ മെനയുന്നതും കേസ് വലിച്ചുനീട്ടുന്നതും ദുരൂഹമാണ്. അന്വേഷണത്തിന്റെ പേരിൽ മാധ്യമങ്ങളിൽ ആരോപണങ്ങളുടെ പെരുമഴ സൃഷ്ടിക്കുന്നത് രാഷ്ട്രീയ പ്രചാരണത്തിന് ഉപകരണമാക്കുന്നതിന്റെ ഭാഗമാണ്. ഇഡി കണ്ടെത്തൽ, അന്വേഷണത്തിൽ തെളിഞ്ഞു തുടങ്ങിയ തലക്കെട്ടുകൾ പലപ്പോഴും കോടതികൾ കണ്ടെത്തിയ വസ്തുതകളെന്ന മട്ടിലാണ് മാധ്യമങ്ങൾ അവതരിപ്പിക്കുന്നത്. ചില സഹകരണസംഘങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളിലും സിപിഎം നേതാക്കളെ മാത്രമല്ല പാർട്ടിയെത്തന്നെ പ്രതിചേർത്ത വിചിത്രസംഭവമുണ്ടായെന്ന് മുഖപ്രസംഗത്തിൽ പറയുന്നു.
ഇപ്പോൾ കോലാഹലം സൃഷ്ടിക്കുന്ന കേസിൽ 182 കോടിയുടെ ക്രമക്കേടാണ് കേന്ദ്ര ഏജൻസികൾ നേരത്തേ ആരോപിച്ചത്. നിലവിൽ ഒരാൾക്കെതിരേ പറയുന്ന രണ്ടു കോടി കഴിച്ച് ബാക്കി 180 കോടി രൂപയുടെ ഇടപാടിനെക്കുറിച്ച് ഇഡി അന്വേഷിച്ചോ? ബാങ്ക് വഴി വാങ്ങുകയും ആദായനികുതി അടയ്ക്കുകയും ചെയ്തത് സാന്പത്തിക തട്ടിപ്പാണെന്ന് ആരോപിക്കുന്നു.
സിപിഎമ്മിനെ രാഷ്ട്രീയമായി ദുർബലപ്പെടുത്താൻ അന്വേഷണ ഏജൻസികളെ ഉപയോഗിക്കാമെന്ന് ലക്ഷ്യമിടുന്നുണ്ടെങ്കിൽ അത് ചരിത്രത്തെ അറിയാത്തവരുടെ കണക്കുകൂട്ടലാണ്... അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ പ്രചാരണം നടത്തി സിപിഎമ്മിനെ ദുർബലപ്പെടുത്താമെന്ന് ആരും വ്യാമോഹിക്കേണ്ടെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
International
ടെഹ്റാൻ: അമേരിക്കയുമായി മാസങ്ങളായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ സമയമായെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. നിലവിൽ യുഎസിനേക്കാൾ ശക്തവും അന്തസുറ്റതുമായ നിലപാടിലാണ് ഇറാനുള്ളതെന്നും യുദ്ധത്തിൽ തങ്ങൾക്കാണു വിജയമെന്ന് ലോകം അംഗീകരിച്ചുകഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.
ടെഹ്റാനിൽ നടന്ന "ഇസ്ലാമിക് അസോസിയേഷൻ ഓഫ് ദി ഇറാനിയൻ മെഡിക്കൽ സൊസൈറ്റി'യുടെ 31-ാമത് ജനറൽ അസംബ്ലിയിൽ സംസാരിക്കവെയാണ് പെസഷ്കിയാൻ രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്.
അന്താരാഷ്ട്ര നിയമങ്ങൾ കാറ്റിൽപ്പറത്തി അമേരിക്ക ഇറാന്റെ സ്കൂളുകളും ആശുപത്രികളും മറ്റ് അടിസ്ഥാനസൗകര്യങ്ങളും ആക്രമിക്കുകയായിരുന്നെന്ന് പെസെഷ്കിയാൻ കുറ്റപ്പെടുത്തി. യുദ്ധം അവസാനിപ്പിക്കുന്നതിനായി ജൂണിൽ അമേരിക്കയുമായി ഉണ്ടാക്കിയ ധാരണാപത്രം ഇറാന്റെ കീഴടങ്ങലല്ലെന്നും വ്യവസ്ഥകളെല്ലാം എതിർഭാഗത്തിന് ബാധകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൈനിക നീക്കങ്ങൾക്കു പകരം ഇറാനെ സാമ്പത്തികമായി തകർക്കാൻ ചരിത്രത്തിലെ ഏറ്റവും ശക്തമായ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് അമേരിക്ക പ്രഖ്യാപിച്ചതിനു പിന്നാലെയുള്ള പെസെഷ്കിയാന്റെ പ്രസ്താവന ശ്രദ്ധേയമാണ്.
അമേരിക്കയുടെ പുതിയ ഉപരോധനീക്കം സാമ്പത്തിക ഭീകരവാദവും മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യവുമാണെന്നാണ് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പ്രതികരിച്ചത്.
അതേസമയം, ഇറാനെതിരേ കൂടുതൽ സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്താനുള്ള അമേരിക്കൻ നീക്കത്തെ ചൈന വിമർശിച്ചു. ഉപരോധങ്ങളും സൈനികശക്തി ഉപയോഗിച്ചുള്ള ഭീഷണികളും മേഖലയിലെ സംഘർഷങ്ങൾ കൂടുതൽ വർധിപ്പിക്കുകയേയുള്ളൂവെന്നും നയതന്ത്ര ചർച്ചകളിലൂടെയാണ് പ്രശ്നങ്ങൾ പരിഹരിക്കേണ്ടതെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയുടെ മെത്രാഭിഷേക രജതജൂബിലി സമാപനം ഇന്ന്.
തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കൻഡറി സ്കൂള്‍ ഗ്രൗണ്ടില്‍ തയാറാക്കിയിരിക്കുന്ന പ്രത്യേക പന്തലില്‍ രാവിലെ 8.30 നു ചടങ്ങുകള്‍ ആരംഭിക്കും.
കാതോലിക്കാബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ സമൂഹബലി നടക്കും. കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് വചന സന്ദേശം നല്‍കും. അന്ത്യോക്യായിലെ സുറിയാനി കത്തോലിക്ക പാത്രിയാര്‍ക്കീസ് ഇഗ്നാത്തിയോസ് യൂസഫ് യൗനാന്‍ ബാവ മുഖ്യാതിഥിയായിരിക്കും.
11 ന് ആരംഭിക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശന് ഉദ്ഘാടനം ചെയ്യും. കെസിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ.വര്‍ഗീസ് ചക്കാലയ്ക്കല്‍ അധ്യക്ഷത വഹിക്കും. മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മ മുഖ്യാതിഥി ആയിരിക്കും.
ഗോവ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഫിലിപ്പ് നേരി ഫെറാവോ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, യാക്കോബായ സഭാ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവ, മാര്‍ത്തോമ്മാ സഭ മെത്രാപ്പോലീത്ത തെയഡോഷ്യസ് മാര്‍ത്തോമ്മ, ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാർ തോമസ് തറയില്‍, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ. മുരളീധരന്, എം.എ. യൂസഫലി, ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ സെക്രട്ടറി ബിഷപ് ജോസഫ് മാര്‍ ദിവന്നാസിയോസ്, ശശി തരൂര്‍ എംപി, കെ.എന്‍. ബാലഗോപാല്‍ എംഎല്‍എ, തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ്, രജതജൂബിലി ജനറല്‍ കണ്‍വീനര്‍ മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് തുടങ്ങിയവർ പ്രസംഗിക്കും. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മറുപടി പ്രസംഗം നടത്തും.
National
ന്യൂഡൽഹി: ജൂലൈ 20ലെ ജന്തർ മന്തർ പ്രതിഷേധത്തിനിടെ പെല്ലറ്റ് ഗണ്ണിൽനിന്നുള്ള വെടിയേറ്റ് ഒരു യുവാവിനു പരിക്കേറ്റ സംഭവത്തിൽ എഫ്ഐആർ രേഖപ്പെടുത്തി ഡൽഹി പോലീസ്. അപ്രതീക്ഷിതമായ നീക്കത്തിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഡൽഹി പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ നടത്തിയ ധർണയ്ക്കുശേഷമാണ് പോലീസ് നടപടി. പെല്ലറ്റ് ഗൺ ആക്രമണത്തിൽ സാഹിൽ ലൗച്ചാവ് എന്ന പത്തൊമ്പതുകാരന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിരുന്നു.
ഭാരതീയ ന്യായ സംഹിതയുടെ 118 (അപകടകരമായ ആയുധങ്ങളോ മാർഗങ്ങളോ ഉപയോഗിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കൽ), 25 (മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടത്തിലാക്കുന്ന പ്രവൃത്തി) വകുപ്പുകൾ ചേർത്താണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
നിശ്ചയദാർഢ്യത്തിന്റെ ആറ് മണിക്കൂർ
ജന്തർ മന്തർ പ്രതിഷേധത്തിനിടെ വലതുകണ്ണിലും ശരീരത്തിലും ഗുരുതരമായ ബുള്ളറ്റ് പരിക്കുകൾ നേരിട്ടിരുന്ന സാഹിൽ ലൗച്ചാവ് എന്ന യുവാവ് പെല്ലറ്റ് ഗൺ ആക്രമണത്തിനെതിരെ ഈ മാസം 14നും 17നും ഡൽഹി പോലീസിനു പരാതി നൽകിയിരുന്നെങ്കിലും കേസ് രജിസ്റ്റർ ചെയ്യാൻ പോലീസ് തയാറായിരുന്നില്ല. അപ്പോഴാണ് രാഹുൽ ഗാന്ധി വിഷയം ഏറ്റെടുത്തത്. പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലെ ഡെപ്യൂട്ടി കമ്മീഷണർ സച്ചിൻ ശർമയുടെ ഓഫീസിൽ സാഹിലിനോടൊപ്പം നേരിട്ടെത്തി പരാതി നൽകിയിട്ടും പോലീസ് കേസ് രജിസ്റ്റർ ചെയ്യാൻ തയാറായില്ല. അതോടെ പോലീസ് സ്റ്റേഷന്റെ മുന്നിൽ കസേരയിട്ട് രാഹുൽ ധർണ ആരംഭിക്കുകയായിരുന്നു.
ഉച്ചകഴിഞ്ഞ് പന്ത്രണ്ടോടെയാണ് ധർണ ആരംഭിച്ചത്. ആറ് മണിക്കൂറിലധികം രാഹുൽ ഒരേ കസേരയിൽ കുത്തിയിരിപ്പ് സമരം നടത്തി. ഇടയ്ക്കുവച്ച് പ്രിയങ്കയും ജയ്റാം രമേശുമടങ്ങുന്ന മുതിർന്ന കോൺഗ്രസ് നേതാക്കളും ഡൽഹി കോൺഗ്രസ് അധ്യക്ഷൻ ദേവേന്ദ്ര യാദവിന്റെ നേതൃത്വത്തിൽ അൻപതോളം കോൺഗ്രസ് പ്രവർത്തകരും പോലീസ് സ്റ്റേഷനിലെത്തിയപ്പോൾ പോലീസ് സ്റ്റേഷന്റെ ഗേറ്റിനു പുറത്ത് നൂറോളം യൂത്ത് കോൺഗ്രസ് പ്രവർത്തകരും മുദ്രാവാക്യങ്ങളുമായെത്തി.
മുദ്രാവാക്യം വിളി അഞ്ച് മണിക്കൂറിലേറെ തുടർന്നു. വൈകുന്നേരം ആറോടെ കേസ് രജിസ്റ്റർ ചെയ്തെന്ന വിവരം പുറത്തുവന്നെങ്കിലും എഫ്ഐആറിന്റെ പകർപ്പ് ലഭിക്കാതെ ധർണ അവസാനിപ്പിക്കില്ലെന്നായിരുന്നു രാഹുലിന്റെ നിലപാട്. ഒടുവിൽ എഫ്ഐആർ പകർപ്പുമായി മാധ്യമങ്ങളോട് സംസാരിച്ചാണ് ആറ് മണിക്കൂറിലേറെ നീണ്ട സമരം അവസാനിപ്പിച്ചത്.
National
ന്യൂഡൽഹി: പെല്ലറ്റ് ഗൺ ആക്രമണത്തിൽ പരിക്കേറ്റ സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഡൽഹി പോലീസ് തയാറായത് ഗത്യന്തരമില്ലാതെയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി.
സ്വാഭാവിക നടപടി സ്വീകരിക്കേണ്ട കേസിൽപോലും പോലീസ് മനഃപൂർവം വൈകിച്ചുവെന്നത് ഗുരുതരമായ കുറ്റമാണെന്ന് കെ.സി. വേണുഗോപാൽ ആരോപിച്ചു.
Leader Page
ഏതൊരു ദീർഘവീക്ഷണമുള്ള നേതൃത്വവും ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടുന്നത് കാലത്തിന്റെ വെല്ലുവിളികളെ നേരിട്ടുകൊണ്ടും സമൂഹത്തിന്റെ നന്മയ്ക്കായി സ്വയം സമർപ്പിച്ചുകൊണ്ടുമാണ്. ശ്ലൈഹിക ശുശ്രൂഷയിൽ ഇരുപത്തിയഞ്ച് വർഷങ്ങൾ പിന്നിടുന്ന കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവാ തിരുമേനിയുടെ കാൽ നൂറ്റാണ്ടു കാലത്തെ പൊതുപ്രവർത്തനവും നേതൃപാടവവും കേരളീയ പൊതുസമൂഹത്തിലും ആഗോളതലത്തിലും ഒരുപോലെ മാതൃകാപരമാണ്.
ശക്തമായ ദൈവാശ്രയബോധവും കഠിനാധ്വാനവും ബന്ധങ്ങൾ കാത്തുസൂക്ഷിക്കാനുള്ള സവിശേഷ കഴിവും യുക്തിസഹമായി കാര്യങ്ങളെ വിലയിരുത്താനുള്ള പാടവവും പിതാവിന്റെ വലിയ സവിശേഷതകളാണ്. സഭയുടെ അതിരുകൾക്കപ്പുറം പൊതുസമൂഹത്തിന്റെ നന്മയും പുരോഗതിയും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന പിതാവിന്റെ ജീവിതം ദേശത്തിനു വലിയ അനുഗ്രഹമാണ്.
►വിദ്യാഭ്യാസരംഗത്തെ വിപ്ലവകരമായ മുന്നേറ്റങ്ങളും ദീർഘവീക്ഷണവും
ആത്മീയം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മൂന്ന് പ്രധാന മേഖലകളെ സമഗ്രമായി ഏകോപിപ്പിക്കുന്നതിൽ അഭിവന്ദ്യ പിതാവ് പ്രത്യേക ശ്രദ്ധ പുലർത്തിയിട്ടുണ്ട്. ദൈവജനത്തിന്റെ ബൗദ്ധികവും മാനുഷികവുമായ സാധ്യതകളെ വർധിപ്പിക്കാനും അവയെ പൊതുസമൂഹത്തിന്റെ നന്മയ്ക്കായി ഉപയോഗപ്പെടുത്താനും പിതാവ് നിരന്തരം പരിശ്രമിച്ചു.
മാർ ഈവാനിയോസ് കോളജ് ഉൾപ്പെടെ പതിനെട്ടോളം കലാലയങ്ങൾ ഉൾക്കൊള്ളുന്ന കാമ്പസിനെ "മാർ ഈവാനിയോസ് വിദ്യാനഗർ' എന്ന് നാമകരണം ചെയ്തത് പിതാവിന്റെ ദീർഘവീക്ഷണത്തിന്റെ അടയാളമാണ്. കാലോചിതമായ നവീകരണങ്ങളിലൂടെയും അത്യാധുനിക കെട്ടിടങ്ങളുടെയും ഗവേഷണകേന്ദ്രങ്ങളുടെയും നിർമാണത്തിലൂടെയും ഈ വിദ്യാഭ്യാസ സമുച്ചയത്തെ അദ്ദേഹം ലോകനിലവാരത്തിലേക്ക് ഉയർത്തി.
2012ൽ മാർ ഗ്രിഗോറിയോസ് ലോ കോളജിന് തുടക്കം കുറിച്ചു. 2014ൽ പാറശാല ഭദ്രാസനത്തിൽ നെല്ലിക്കാട് മദർ തെരേസ കോളജും സാന്തോം ആർട്സ് ആൻഡ് സയൻസ് കോളജും സ്ഥാപിക്കുന്നതിനും പിതാവ് നേതൃത്വം നൽകി.
നാലാഞ്ചിറ മാർ ഈവാനിയോസ് വിദ്യാനഗറിൽ സ്ഥിതിചെയ്യുന്ന ലോകനിലവാരത്തിലുള്ള ബിസിനസ് കേന്ദ്രവും നെറ്റ്വർക്കിംഗ് ഹബ്ബുമായ "ബി-ഹബ്' കേരളത്തിലെ ഏറ്റവും വലിയ കോ-വർക്കിംഗ്, ലേണിംഗ്, നെറ്റ്വർക്കിംഗ് പ്ലാറ്റ്ഫോമായി വളർന്നത് സ്റ്റാർട്ടപ്പുകൾക്കും നവീകരണാശയങ്ങൾക്കും പിതാവ് നൽകിയ ഊന്നലിന്റെ ഫലമാണ്.
►ആതുരസേവനരംഗത്തെ മാതൃകാപരമായ കാൽവയ്പുകൾ
സാമൂഹിക സേവനരംഗത്ത്, വിശിഷ്യാ ആരോഗ്യമേഖലയിൽ പിതാവ് നൽകിയ സംഭാവനകൾ എടുത്തുപറയേണ്ടതാണ്. പിരപ്പൻകോട് പരിമിതമായ ആതുരശുശ്രൂഷകൾ മാത്രമുണ്ടായിരുന്ന കേന്ദ്രത്തെ സമഗ്രമായ "സെന്റ് ജോൺസ് മെഡിക്കൽ വില്ലേജ്' ആക്കി മാറ്റാൻ പിതാവിനു കഴിഞ്ഞു.
ഗ്രാമീണ ജനങ്ങൾക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും ഗുണനിലവാരമുള്ളതും ചെലവുകുറഞ്ഞതുമായ വൈദ്യസേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2011ൽ കമ്യൂണിറ്റി ഹോസ്പിറ്റൽ സ്ഥാപിച്ചു.
ഡയാലിസിസ് കെയർ, ദേശീയ കുഷ്ഠരോഗ നിർമാർജന പദ്ധതി (NLEP), പെയിൻ & പാലിയേറ്റീവ് കെയർ, സെന്റർ ഫോർ മെന്റൽ ഹെൽത്ത് ആൻഡ് ഡി-അഡിക്ഷൻ, എയ്ഡ്സ് റീഹാബിലിറ്റേഷൻ സെന്റർ തുടങ്ങിയ വിവിധ സേവനങ്ങളിലൂടെ സമൂഹത്തിന് സമഗ്രമായ ആരോഗ്യപരിചരണം ഉറപ്പാക്കി. 2024ൽ കാരമൂട് പ്രദേശത്ത് മറ്റൊരു സെന്റ് ജോൺസ് കമ്യൂണിറ്റി ഹോസ്പിറ്റൽകൂടി ആരംഭിച്ചുകൊണ്ട് ഈ സേവനങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിച്ചു.
►കാരുണ്യ പ്രവർത്തനങ്ങളും സാമൂഹിക പ്രതിബദ്ധതയും
തന്റെ ജീവിതത്തിലെ എല്ലാ നാഴികക്കല്ലുകളും സമൂഹത്തിലെ ഏറ്റവും ദുർബലരായവർക്ക് കരുത്തു പകരുന്ന മുഹൂർത്തങ്ങളാക്കി മാറ്റാൻ പിതാവ് ശ്രദ്ധിക്കാറുണ്ട്. സഭയുടെയോ മതത്തിന്റെയോ അതിരുകൾ നോക്കാതെയാണ് ഇത്തരം പദ്ധതികൾ നടപ്പിലാക്കിയത്. സമൂഹത്തിലെ ദരിദ്രരും പാർശ്വവത്കരിക്കപ്പെട്ടവരുമായ ജനവിഭാഗങ്ങൾക്കായി സമർപ്പിതമാണ് അദ്ദേഹത്തിന്റെ ജീവിതം. തന്റെ നാമഹേതുക തിരുനാളിനോടനുബന്ധിച്ച് 2008 മുതൽ വിവിധ ജീവകാരുണ്യ പദ്ധതികളാണ് അദ്ദേഹം നടപ്പിലാക്കിവരുന്നത്. 2008ൽ കാട്ടാക്കടയിൽ ബേത്ലഹേം ബോയ്സ് ഹോമും 2009ൽ നാലാഞ്ചിറയിൽ ആർച്ച്ബിഷപ് മാർ ഗ്രിഗോറിയോസ് സ്നേഹവീടും ആരംഭിച്ചു.
2010ൽ ചീക്കനാലിൽ ആശ്വാസഭവൻ സ്പെഷൽ സ്കൂളും അതിന്റെ പ്രവർത്തനങ്ങളും വിപുലീകരിച്ചു. തുടർന്ന് 2011ൽ പിരപ്പൻകോട് സെന്റ് ജോൺസ് കമ്യൂണിറ്റി ഹോസ്പിറ്റലും 2012ൽ അവിടെ സൗജന്യ ഡയാലിസിസ് യൂണിറ്റും യാഥാർഥ്യമാക്കി. 2013ൽ അമ്പതോളം ഹിന്ദു-മുസ്ലിം സഹോദരങ്ങൾക്ക് ഭവനം നിർമിച്ചു നൽകിയ അദ്ദേഹം, 2014ൽ പട്ടത്ത് പാവപ്പെട്ട രോഗികൾക്കായുള്ള "സാന്ത്വനം' പരിചരണ ഭവനവും, 2015ൽ പിരപ്പൻകോട് ആർച്ച്ബിഷപ് ബനഡിക്ട് മാർ ഗ്രിഗോറിയോസ് കാൻസർ കെയറും സ്ഥാപിച്ചു.
വിരമിച്ച വൈദികർക്കായി 2016ൽ പിരപ്പൻകോട് "സായൂജ്യം' ഭവനത്തിന്റെ നിർമാണത്തിനും 2018ൽ തിരുവനന്തപുരം ജില്ലയിലെ ഓഖി ദുരന്ത പുനരധിവാസ പ്രവർത്തനങ്ങൾക്കും 2019ൽ കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും നാമഹേതുക തിരുനാളിന്റെ കാരുണ്യ ഫണ്ട് ഉപയോഗപ്പെടുത്തി.
2020ൽ അഞ്ചലിൽ നിരാലംബരായ സ്ത്രീകൾക്കും വിധവകൾക്കുമായി "അമ്മ വീട്' നിർമിച്ചു നൽകി. തുടർന്ന് 2021ൽ മാർത്താണ്ഡം രൂപതയിലെയും 2024ൽ പുത്തൂർ രൂപതയിലെയും ജീവകാരുണ്യ പദ്ധതികൾക്ക് അദ്ദേഹം പിന്തുണയേകി. കൂടാതെ 2022ൽ ഛത്തീസ്ഗഡിലെ ബിലാസ്പുരിൽ വിദ്യാഭ്യാസ വികസന പ്രവർത്തനങ്ങൾക്കും 2023ൽ ഭവനരഹിതരായ കുടുംബങ്ങൾക്ക് ഭവന സഹായത്തിനും അദ്ദേഹം നേതൃത്വം നൽകി. 2025ൽ പട്ടത്ത് രോഗികളുടെ പരിചരണത്തിനായി "സാന്ത്വനം' ഭവനത്തിന്റെ പുതിയ ബ്ലോക്കിന്റെ നിർമാണം പൂർത്തിയാക്കി. ഓഖി ദുരന്തം, പ്രളയം തുടങ്ങിയ പ്രകൃതിക്ഷോഭ കാലങ്ങളിൽ ദുരിതബാധിതരെ സഹായിക്കുന്നതിൽ അദ്ദേഹം മാതൃകാപരമായ പങ്കുവഹിച്ചു.
ഇതിനുപുറമേ, "സ്നേഹപൂർവം ഒരു വീട്' പദ്ധതിയിലൂടെ ഭവനരഹിതരായ 2336 കുടുംബങ്ങൾക്ക് വീട് നിർമിക്കാൻ സാമ്പത്തിക സഹായം നൽകുകയും പട്ടം കത്തീഡ്രൽ അങ്കണത്തിൽ സാധാരണക്കാർക്കായി "സ്നേഹവിരുന്നുശാല' ആരംഭിക്കുകയും ചെയ്തു. സമൂഹത്തിലെ ഭവനരഹിതർക്കും രോഗികൾക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും അദ്ദേഹം നൽകിയ സ്നേഹവും കരുണയും അതുല്യമാണ്.
തന്റെ മെത്രാഭിഷേകത്തിന്റെ രജതജൂബിലി ആഘോഷവും പാവപ്പെട്ടവരോടുള്ള കരുതലിന്റെ അവസരമാക്കി മാറ്റിക്കൊണ്ട്, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 25 കുട്ടികൾക്ക് പഠനസഹായം നൽകുന്ന പുതിയ പദ്ധതിയും ഈ വർഷം ആരംഭിക്കുന്നുണ്ട്.
അഭിവന്ദ്യ പിതാവിന്റെ സമൂഹത്തിലെ ഇത്തരം ക്രിയാത്മകമായ ഇടപെടലുകളെയും മഹത്തായ സംഭാവനകളെയും മാനിച്ച് നിരവധി പുരസ്കാരങ്ങൾ നൽകി സമൂഹം ഇതിനോടകം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
Kerala
തൊടുപുഴ: ലഹരി ഉപയോഗം പുറത്തറിയിച്ചതിന്റെ പേരില്‍ ക്രൂരമായി മര്‍ദിച്ച് വിദ്യാര്‍ഥിയുടെ ജനനേന്ദ്രിയം തകര്‍ത്ത കേസില്‍ ആരോപണ വിധേയരായ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. എറണാകുളം പിറവം കല്ലുമാരിയില്‍ അക്ഷയ് സജു (18), അമ്പലവയല്‍ നെച്ചിക്കാട്ടുകുഴി ഗൗതം കൃഷ്ണ (18) എന്നിവരെയാണ് തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കാക്കനാട് ബോര്‍സ്റ്റല്‍ സ്കൂളിലേക്ക് 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.
കേസില്‍ പ്രധാന കുറ്റാരോപിതനായ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ പോലീസ് കോട്ടയം തിരുവഞ്ചൂരിലെ ജുവനൈല്‍ ഹോമിലാക്കി. ഈ വിദ്യാര്‍ഥിയെ നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്ത് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡില്‍ ഹാജരാക്കിയിരുന്നു. പിന്നീട് മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചെങ്കിലും ഇന്നലെ വീണ്ടും ഹാജരാക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഹാജരായപ്പോള്‍ ജുവനൈല്‍ ഹോമിലേക്ക് അയയ്ക്കുകയായിരുന്നു.
കേസിന്റെ ഗൗരവവും കുറ്റാരോപിതന് നടത്തിയ ക്രൂരതയും പരിഗണിച്ചാണ് നടപടി. കൂടാതെ കുറ്റാരോപിതന്, പരിക്കേറ്റ വിദ്യാര്‍ഥിക്ക് ഇന്‍സ്റ്റഗ്രാമില്‍ വെല്ലുവിളി രൂപത്തിലുള്ള സന്ദേശവും അയച്ചിരുന്നു. ഇതും കൂടി കണക്കിലെടുത്താണ് നടപടി. ഗൗതമിനും അക്ഷയ്ക്കുമെതിരെ ആദ്യഘട്ടത്തില്‍ പോലീസ് കേസെടുത്തിരുന്നില്ല.
എന്നാല്‍ ഇവരും അക്രമത്തില്‍ പങ്കാളികളാണെന്ന് പിന്നീട് ആരോപണം ഉയര്‍ന്നു. ഇതോടെ പോലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം ചോദ്യം ചെയ്തു. തങ്ങള്‍ വിദ്യാര്‍ഥിയെ മര്‍ദിച്ചിട്ടില്ലെന്നാണ് ഇവര്‍ മൊഴി നല്‍കിയത്. എന്നാല്‍ അക്രമത്തില്‍ ഇവരും പങ്കാളികളാണെന്ന് വ്യക്തമായതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
Leader Page
കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയുടെ മെത്രാഭിഷേക രജത ജൂബിലി തമിഴ്നാട് ചെങ്കോട്ട അൻപ് ഇല്ലം ശരണാലയത്തിനും ആഹ്ലാദനിമിഷമാണ്.
സമൂഹത്തിന്റെ എല്ലാ തലങ്ങളിൽ ഉള്ളവരെയും സ്നേഹത്തോടെയും കരുതലോടെയും ചേർത്തുപിടിക്കുന്ന അദ്ദേഹത്തിന്റെ സമീപനം എന്നും ഹൃദയ സ്പർശിയായ അനുഭവമായിരുന്നു.
ദരിദ്രരോടും ഉപേക്ഷിക്കപ്പെട്ടവരോടും പക്ഷം ചേരാൻ കിട്ടുന്ന ഒരു അവസരവും അദ്ദേഹം ഉപേക്ഷിക്കാറില്ല. അലഞ്ഞുതിരിഞ്ഞു നടക്കുന്ന മാനസിക ദൗർബല്യമുള്ളവരെ സംരക്ഷിക്കുകയും പുനരധിവസിപ്പിക്കുകയും ചെയ്യുന്ന അൻപ് ഇല്ലത്തിന്റെ പ്രവർത്തനങ്ങളോട് പിതാവ് കാണിച്ചിട്ടുള്ള താത്പര്യം അവിസ്മരണീയമാണ്.
അന്തേവാസികൾക്ക് ഭക്ഷണമൊരുക്കി നൽകാനും മറ്റും മാർ ക്ലീമിസ് ബാവ നൽകിയിട്ടുള്ള താത്പര്യവും കരുതലും അൻപ് ഇല്ലത്തിന് ഒരിക്കലും മറക്കാൻ കഴിയില്ല. അശരണരായ എല്ലാ മക്കളുടെയും പ്രാർഥനയും സ്നേഹവും പിതാവിനൊപ്പുണ്ട്.
അദ്ദേഹത്തിന്റെ മെത്രാഭിഷേക രജത ജൂബിലി വേളയിൽ തമിഴ്നാട്ടിലെ ഈ മക്കളുടെ സ്നേഹവും അൻപ് ഇല്ലത്തിന്റെ പ്രാർഥനാശംസകളും അറിയിക്കുന്നു. കൂടുതൽ പേരിലേക്ക് നന്മയെത്തിക്കാൻ ദൈവം അദ്ദേഹത്തിനു ശക്തിപകരട്ടെ.
Leader Page
വംശീയവിദ്വേഷം യ ഥാര്‍ഥ ദേശീയബോധത്തെ നശിപ്പിക്കും. ഇന്ത്യന്‍ ദേശീയത സങ്കുചിതമോ ആക്രമണോത്സുകമോ വിനാശകരമോ അല്ല. “എന്റെ ദേശീയബോധം തീവ്രമാണെങ്കിലും അതു സങ്കുചിതമല്ല. ഏതെങ്കിലും രാഷ്ട്രത്തെയോ വ്യക്തിയെയോ ദ്രോഹിക്കാന്‍ ഉദ്ദേശിച്ചുള്ളതുമല്ല. എന്റെ ദേശീയബോധം സ്വദേശി ആശയത്തെപ്പോലെതന്നെ വിശാലമാണ്. ലോകം മുഴുവനും പ്രയോജനം ലഭിക്കത്തക്കവിധം ഇന്ത്യ ഉയരണമെന്നാണ് ആഗ്രഹിക്കുന്നത്”- രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ദര്‍ശനമാണിത്.
സങ്കുചിത ദേശീയതയേക്കാള്‍ മാനവികതയ്ക്കു മുന്‍ഗണന നല്കുന്നതിലൂടെയാണ് യഥാര്‍ഥ പുരോഗതി കൈവരിക്കാനാവുകയെന്ന് വിഖ്യാത എഴുത്തുകാരനും കവിയുമായ രവീന്ദ്രനാഥ ടാഗോറും ചൂണ്ടിക്കാട്ടി. ആക്രമണോത്സുകവും യാന്ത്രികവുമായ ദേശീയത വലിയൊരു ഭീഷണിയായി അദ്ദേഹം കണ്ടു. അധികാരം, പതാകകള്‍, അഭിമാനം എന്നിവയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന രാഷ്ട്രം, ആ രാഷ്ട്രത്തിനുതന്നെ ഏറ്റവും വലിയ ദോഷമാണെന്നു ജന ഗണ മനയുടെ രചയിതാവായ ടാഗോര്‍ വാദിച്ചു. തീവ്ര ദേശീയത എളുപ്പത്തില്‍ വിദേശികളോടുള്ള വെറുപ്പായും ഒടുവില്‍ സഹപൗരന്മാരോടുള്ള വെറുപ്പായും മാറാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കിയിരുന്നു.
വെറുപ്പിനാകരുത് ദേശീയത
“ദേശീയത ഒരു വ്യാജ ദൈവമാണ്. എങ്കിലും ദശലക്ഷക്കണക്കിനാളുകള്‍ അതിനെ അതീവഗൗരവത്തോടെയാണു കാണുന്നത്. സ്വന്തം രാജ്യത്തിനുവേണ്ടി യുദ്ധം ചെയ്യാനും നശിപ്പിക്കാനും കൊല്ലാനും കൊല്ലപ്പെടാനും അവര്‍ തയാറാകുന്നു. രാഷ്ട്രീയക്കാര്‍ ഇതിനെ തങ്ങളുടെ നേട്ടത്തിനായി ചൂഷണം ചെയ്യുന്നു”- തത്വചിന്തകനും എഴുത്തുകാരനുമായ ജിദ്ദു കൃഷ്ണമൂര്‍ത്തിക്കു സംശയമേയില്ല. സ്വയംവഞ്ചന കലര്‍ന്ന അധികാരക്കൊതിയാണ് ദേശീയതയെന്ന് വിഖ്യാത ആംഗലേയ നോവലിസ്റ്റ് ജോര്‍ജ് ഓര്‍വെല്‍ എഴുതി.
“ദേശീയത ഒരു ബാല്യകാല രോഗമാണ്. മനുഷ്യരാശിയെ ബാധിക്കുന്ന അഞ്ചാംപനി പോലെയാണത്” എന്നായിരുന്നു ആല്‍ബര്‍ട്ട് ഐന്സ്റ്റീന് അഭിപ്രായപ്പെട്ടത്. ദേശസ്നേഹം സ്വന്തം ജനതയോടുള്ള സ്നേഹത്തിനു മുന്‍ഗണന നല്കുന്നതാണെങ്കില് സ്വന്തം ജനതയല്ലാത്തവരോടുള്ള വെറുപ്പിനു മുന്‍ഗണന നല്‍കുന്നതാണു ദേശീയതയെന്നാണ് ഫ്രഞ്ച് ചിന്തകനായ ചാള്‍സ് ഡി ഗോള്‍ പറഞ്ഞത്.
വിവാദമല്ല, വേണം ആദരവ്
ഒരു ജനതയ്ക്കു തങ്ങളുടേതായ ഭൂപ്രദേശം, ഭാഷ, സംസ്കാരം, ചരിത്രം എന്നിവയിലുള്ള പങ്കുവയ്ക്കപ്പെട്ട ബോധവും ഐക്യവുമാണു ദേശീയത. യഥാര്‍ഥ ദേശീയതയുടെ പേരില്‍ സ്വന്തം ജനതയ്ക്കിടയില്‍ വിഭാഗീയതയും അസഹിഷ്ണുതയും വളര്‍ത്തുന്ന പ്രവണതയാണു കപടദേശീയത. രാജ്യസ്നേഹത്തിനപ്പുറം രാഷ്ട്രീയ അധികാരമാണ് ഇതിന്റെ ലക്ഷ്യം. രാജ്യസ്നേഹം അളക്കാനുള്ള ഉപാധിയാകരുത് ദേശീയഗാനവും ദേശീയഗീതവും. എതിര്‍സ്വരങ്ങളെ ദേശദ്രോഹമായി ചിത്രീകരിച്ച് ഇല്ലായ്മ ചെയ്യുന്ന പ്രവണതയാണു രാജ്യവിരുദ്ധം.
ദേശഭക്തിയുടെ മറവില്‍ ജനങ്ങളെ ഭിന്നിപ്പിച്ചു മുതലെടുക്കാന്‍ ആരെയും അനുവദിക്കരുത്. ഇന്ത്യയുടെ ദേശീയഗാനമായ ജന ഗണ മന, ദേശീയഗീതമായ വന്ദേമാതരം എന്നിവ ഒരുപോലെ ആദരിക്കപ്പെടുകയാണു വേണ്ടത്. മാനുഷ്യരെല്ലാം ഒന്നുപോലെ എന്ന ഓണാശംസ രാജ്യത്തിനാകെ കരുത്താകട്ടെ.
നിയമഭേദഗതി അത്ര ലളിതമല്ല
വന്ദേമാതരത്തിന്റെ ആദ്യ രണ്ടു ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതിയെന്നു കഴിഞ്ഞ ബുധനാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി തീരുമാനിച്ചു. സ്വാതന്ത്ര്യദിനത്തില്‍ എഐസിസി ആസ്ഥാനത്തു വന്ദേമാതരം പൂര്‍ണമായി പാടിയതും രണ്ടു ചരണങ്ങള്‍ കഴിഞ്ഞപ്പോള്‍ ഗാനാലാപനം നിര്‍ത്താന്‍ സോണിയാ ഗാന്ധി നിര്‍ദേശിച്ചതും വിവാദമായി. കേരളത്തില്‍ വന്ദേമാതരം ഒഴിവാക്കിയതും കര്‍ണാടകയിലും ഹിമാചല്‍പ്രദേശിലും പൂര്‍ണമായി പാടുകയും ചെയ്തപ്പോള്‍ വിവാദം കൊഴുത്തു. ഇതിനുശേഷമാണു കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി കൃത്യമായ നിലപാടു സ്വീകരിച്ചത്. വന്ദേമാതരം ആദ്യ രണ്ടു ചരണങ്ങള്‍ മാത്രം പാടിയാല്‍ മതിയെന്ന് 1937ല്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി പ്രമേയം പാസാക്കിയിരുന്നു.
ദേശീയ ബഹുമാനത്തെ അവഹേളിക്കുന്നതു തടയല്‍ ഭേദഗതി നിയമം- 2026 (ദി പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട്സ് ടു നാഷണല്‍ ഓണര്‍ അമെന്മെന്റ്) കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ നടപ്പാക്കിയതോടെയാണു പുതിയ വിവാദം. വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികത്തോടനുബന്ധിച്ചാണു നടപടി. ദേശീയപതാക, ഭരണഘടന, ദേശീയഗാനം എന്നിവയ്ക്കു മാത്രം സംരക്ഷണം നല്‍കിയിരുന്ന 1971ലെ നിയമത്തിലുള്ള മൂന്നാംവകുപ്പു പരിഷ്കരിച്ചാണു ജന ഗണ മനയ്ക്കു നല്കുന്ന അതേ നിയമ പരിരക്ഷ വന്ദേമാതരത്തിനും നല്‍കിയത്. എന്നാല്‍, ഈ നിയമം വന്ദേമാതരം നിര്‍ബന്ധമാക്കുന്നില്ല. ഔദ്യോഗിക ചടങ്ങുകളില്‍ രണ്ടും ഒരുമിച്ച് ആലപിക്കുമ്പോള്‍, 52 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദേശീയഗാനത്തിനു മുമ്പായി വന്ദേമാതരം ആലപിക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റേതായി ഒരു നിര്‍ദേശവും ഇറക്കിയിട്ടുണ്ട്.
ദേശീയഗീതം ആയുധമാക്കുന്നവര്‍
1875ല്‍ ബങ്കിം ചന്ദ്ര ചാറ്റര്‍ജി സംസ്കൃതവത്കരിച്ച ബംഗാളി ഭാഷയില്‍ രചിച്ച വന്ദേമാതരത്തിന്റെ ‘അമ്മേ, ഞാന്‍ അങ്ങയെ വണങ്ങുന്നു’ എന്നര്‍ഥം വരുന്നതാണ് ആദ്യ രണ്ടു ചരണങ്ങള്‍. ഓരോ ഭാരതീയന്റെയും അഭിമാനം ഉയര്‍ത്തുന്നതാണിത്. സ്വാതന്ത്ര്യസമരത്തില്‍ ജനവികാരം ആളിക്കത്തിച്ച ഗീതത്തിന് ആറു ചരണങ്ങളാണുള്ളത്. എന്നാല്‍, “പത്ത് ആയുധങ്ങളുള്ള ദുര്ഗയാണു നീ; താമരക്കുമ്പിളില്‍ വാഴുന്ന ലക്ഷ്മിയാണു നീ; വിജ്ഞാനദാനിയായ സരസ്വതിയാണു നീ, നിനക്കു മുന്നില്‍ നമിക്കുന്നു” എന്നു വിവര്‍ത്തനം ചെയ്യാവുന്ന വരികളടങ്ങിയ നാലു ചരണങ്ങളാണ് തീവ്ര ഹിന്ദുത്വവാദികള്‍ ആയുധമാക്കുന്നത്. സ്വാതന്ത്ര്യസമരകാലത്തു രാജ്യത്ത് ഉരുത്തിരിഞ്ഞ ഒത്തുതീര്‍പ്പിനു വിരുദ്ധമാണു പുതിയ നിയമനിര്‍മാണം. സംഘപരിവാര്‍ അജന്‍ഡയാണു നിയമഭേദഗതിയെന്നാണ് പ്രതിപക്ഷ ആരോപണം.
വന്ദേമാതരം വിഷയത്തില്‍ ഇന്ത്യയുടെ രാഷ്ട്രീയ നേതൃത്വം ആദ്യംമുതല്‍ ഇടപെട്ടു നിലപാടെടുത്തിരുന്നു. 1937ലെ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി പ്രമേയവും ഭരണഘടനാ നിര്‍മാണസഭയിലെ ചര്‍ച്ചകളും ഇതിന്റെ തെളിവാണ്. വന്ദേമാതരത്തിനെതിരായ പ്രതിഷേധം വലിയ പരിധിവരെ വര്‍ഗീയവാദികള്‍ കൃത്രിമമായി ഉണ്ടാക്കിയെടുത്തതാണെന്നു ജനഹര്‍ലാല്‍ നെഹ്റു അന്നേ അഭിപ്രായപ്പെട്ടു. എങ്കിലും, അതില്‍ ചില വസ്തുതകളുണ്ടെന്നും അദ്ദേഹം നിരീക്ഷിച്ചു. വര്‍ഗീയവാദികളുടെ വികാരങ്ങളെ തൃപ്തിപ്പെടുത്താനല്ല; മറിച്ച്, യഥാര്‍ഥ പരാതികള്‍ പരിഹരിക്കാനായിരിക്കണം ലക്ഷ്യമെന്നും നെഹ്റു വ്യക്തമാക്കി.
അഭിമാനമായ രണ്ടു ചരണങ്ങള്‍
വന്ദേമാതരത്തിന്റെ ഉപയോഗത്തെ ബ്രിട്ടീഷുകാര്‍ അടിച്ചമര്‍ത്തിയിരുന്നു. എന്നാല്‍ ചെറുത്തുനില്‍പ്പിന്റെയും ത്യാഗത്തിന്റെയും പ്രതീകമായാണു സ്വാതന്ത്ര്യസമര സേനാനികള്‍ ഇതിനെ സ്വീകരിച്ചത്. മാതൃഭൂമിയുടെ സൗന്ദര്യത്തെയും സമൃദ്ധിയെയും വാഴ്ത്തുന്ന ആദ്യത്തെ രണ്ടു ചരണങ്ങൾ ഈ പശ്ചാത്തലത്തിലാണു ദേശീയതലത്തില്‍ അംഗീകാരം നേടിയത്. മതബിംബങ്ങള്‍ അടങ്ങിയ, ശേഷമുള്ള ചരണങ്ങളെക്കുറിച്ച് മുസ്ലിംകള് ഉന്നയിച്ച ആശങ്കകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി പരിഗണിച്ചിരുന്നു.
Leader Page
ഇന്ത്യയിലെ ചില മുഖ്യധാരാ ടെലിവിഷൻ ചാനലുകൾ മുതൽ പ്രമുഖ യു ട്യൂബർമാരും സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളിലെ അറിയപ്പെടുന്ന വ്യക്തികളും ഉൾപ്പടെ, വലിയ ഒരു വിഭാഗം തുടർച്ചയായി സംസാരിച്ചുകൊണ്ടിരിക്കുന്നത്, വിഭാഗീയതയുടെയും ഗൂഢാലോചനാ സിദ്ധാന്തങ്ങളുടെയും ദേശവിരുദ്ധതയുടെയും കഥകളാണ്! ഇത്തരം കഥകളും ആഖ്യാനങ്ങളും ആവർത്തിച്ചു പറഞ്ഞുപറഞ്ഞ്, ‘നമ്മൾ ഇന്ത്യക്കാർ’ എന്ന പൊതു സമൂഹത്തെ, ‘നമ്മളും’ ‘അവരും’ എന്നു വേർതിരിച്ചു നിർത്തുന്ന ഒരു നിരന്തര പ്രക്രിയ നമ്മുടെ സമൂഹത്തിൽ ശക്തമായിക്കൊണ്ടിരിക്കുന്നത്, കഴിഞ്ഞ പതിറ്റാണ്ടിന്റെ സവിശേഷതയാണ്!
അക്കാദമിക രംഗത്തും സാംസ്കാരിക രംഗത്തുമൊക്കെ ആദരണീയരായി നിലകൊണ്ടിരുന്ന പ്രമുഖ വ്യക്തികൾപോലും, ഇപ്പോൾ, ഈ ‘അപരവത്കരണ നറേറ്റീവ് നിർമാണ ഫാക്ടറി’യുടെ നടത്തിപ്പുകാരായി രംഗത്തു വരുന്നത് അത്ഭുതകരമായ കാഴ്ചയാണ്!
അവരിൽ ചിലരുടെ ഭാഷയും ശൈലിയും പതിവിൽക്കവിഞ്ഞ്, അക്രമാസക്തവും ഹിംസാത്മകവുമാകുന്നതും ഈയിടെ കേരളക്കര കാണുകയുണ്ടായി! ദേശീയതലത്തിൽ ശക്തമായി നിലനിൽക്കുന്ന ഒരു പ്രവണതയുടെ ‘കേരള ഭാഷ്യ’മാണ്, നടുക്കമുണ്ടാക്കുന്ന വിധം ഈയിടെ കേരളത്തിൽ കണ്ടത്!
കഥകൾ മെനഞ്ഞുണ്ടാക്കാനും, അവ പറഞ്ഞുപറഞ്ഞ്, ചില യാഥാർഥ്യങ്ങളെ രൂപപ്പെടുത്തിയെടുക്കാനുമുള്ള കഴിവ് മനുഷ്യവർഗത്തിനു സഹജമാണ്. കഥകൾ പറഞ്ഞു പറഞ്ഞ് ജനതകൾ രൂപം കൊള്ളുന്നതും, സംസ്കാരങ്ങൾ ഉരുവാകുന്നതും സംബന്ധിച്ച ആശയം വ്യക്തമായത് അമേരിക്കൻ എഴുത്തുകാരനും സാമൂഹ്യ ശാസ്ത്രജ്ഞാനുമായ ആൻഡ്റൂ എം. ഗ്രീലിയിൽനിന്നാണ്. 1980കളിലാണ് അദ്ദേഹത്തിന്റെ രചനകൾ പരിചയപ്പെടുന്നത്. തത്വശാസ്ത്രത്തിലും സാമൂഹ്യശാസ്ത്രത്തിലും പ്രാഥമിക പഠനങ്ങൾ നടത്തുന്ന കാലമായിരുന്നു അത്. ഒരു സാഹിത്യകാരൻ എന്ന നിലയിലും,അദ്ദേഹത്തിന്റെ കഥകളും നോവലുകളും പ്രശസ്തമാണ്. അവയിലൂടെയെല്ലാം അദ്ദേഹം ഏറ്റവും അധികം വിമർശിച്ചിട്ടുള്ളത് കത്തോലിക്കാ സഭയെയാണ്. അദ്ദേഹം ഒരു കത്തോലിക്കാ പുരോഹിതൻ ആയിരുന്നു എന്നത് അദ്ദേഹത്തിന്റെ ആഖ്യാനങ്ങൾക്ക് ആധികാരികത നൽകിയ ഒരു ഘടകമായിരിക്കാം.
‘നരേറ്റീവ്സ്’ ഇന്നും പ്രബലം
ഏതായാലും, ‘നരേറ്റീവ്സ്’ ആണ് സാമൂഹ്യ യാഥാർഥ്യങ്ങളെ രൂപപ്പെടുത്തുന്നത് എന്ന അദ്ദേഹത്തിന്റെ അടിസ്ഥാന യുക്തി സാമൂഹ്യശാസ്ത്രത്തിൽ ഇന്നും പ്രബലമാണ്. ഒരു ജനതയുടെമേൽ ബൗദ്ധികവും സാംസ്കാരികവും രാഷ്ട്രീയവുമായ അധിനിവേശം നടത്തുന്ന സാമ്രാജ്യശക്തികൾ രൂപപ്പെടുത്തുന്ന ആഖ്യാനങ്ങളാണ് ക്രമേണ ആ ജനതയെ ഉടച്ചു വാർക്കുന്ന ‘ഇതിഹാസ’ങ്ങളും ‘പുരാവൃത്തങ്ങളു’മായി രൂപം പ്രാപിക്കുന്നത് എന്നതും, അദ്ദേഹത്തിന്റെ രചനകളിൽനിന്നു വായിച്ചെടുക്കാവുന്നതാണ്.
സാമ്രാജ്യം, മതം, സമ്പദ്ഘടന, പണം എന്നിവയെല്ലാം ഇത്തരം ‘shared fictions’ അഥവാ ‘നരേറ്റീവു’കളാണെന്നും, അവയിൽ വിശ്വസിച്ചാണ് മനുഷ്യർ അവരുടെ സാമൂഹ്യജീവിതം കെട്ടിപ്പടുക്കുന്നത് എന്നുമുള്ള യുവാൻ നോവാ ഹരാരിയുടെ വീക്ഷണവും ഇതിനോടു ചേർന്നുപോകുന്നതാണ്. ഈ പശ്ചാത്തലത്തിൽ, ജനാധിപത്യ സമൂഹങ്ങളിലെ ‘അപരവത്കരണ ആഖ്യാനങ്ങൾ’ സമൂഹത്തെയും രാഷ്ട്രത്തെയും ശക്തിപ്പെടുത്തുമോ അതോ ക്ഷീണിപ്പിക്കുമോ എന്നത് ഗൗരവമായി പഠിക്കേണ്ട വിഷയംതന്നെയാണ്.
ഒരു നിശ്ചിത സമൂഹത്തിനുള്ളിലെ ‘അപരവത്കരണ ആഖ്യാനങ്ങൾ’സമൂഹത്തെ വിഭജിക്കുകയും ജനാധിപത്യത്തെ തകർക്കുകയും രാഷ്ട്രത്തെ ദുർബലമാക്കുകയും ചെയ്യും, എന്ന കാഴ്ചപ്പാടാണ് ചർച്ച ചെയ്യാൻ ശ്രമിക്കുന്നത്.
അധികാരം കൈയാളുന്നവരുടെ, അഥവാ ‘ഭൂരിപക്ഷത്തിന്റെ’, ‘ആഖ്യാനം’ എല്ലാവരും അംഗീകരിക്കുന്നതിലൂടെ, രാജ്യം ഒരൊറ്റ ആഖ്യാനത്തിന്റെ പിൻബലത്തിൽ ശക്തി പ്രാപിക്കും എന്ന കാഴ്ചപ്പാടുള്ളവർ ഇന്നു വർധിച്ചുവരുന്നു എന്ന യഥാർഥ്യവും നിലനിൽക്കുന്നു!
ജനാധിപത്യ സമൂഹത്തിന്റെ അടിസ്ഥാനശില?
ഇവിടെ, ഒരു ചോദ്യം പ്രസക്തമാണ്: നമ്മെ ഒരു രാഷ്ട്രമായി, ജനതയായി നിലനിർത്തുന്നത്, ‘ഏകത്വത്തിൽ’ ഊന്നിയ സങ്കൽപ്പങ്ങളാണോ, അതോ ‘നാനാത്വത്തെ കൂട്ടിയിണക്കുന്ന’ ജനാധിപത്യ ജീനിയസാണോ? എന്താണ് നമ്മുടെ ജനാധിപത്യ സമൂഹത്തിന്റെ അടിസ്ഥാനശില? ഇവിടെ, ഒരു കാര്യം നമ്മൾ ഓർക്കണം: ജനാധിപത്യം നിലനിൽക്കുന്നത്, ഇവിഎം മെഷീനിലോ, പാർലമെന്റ് മന്ദിരത്തിന്റെ പ്രൗഢിയിലോ അല്ല. അതു നിലനിൽക്കുന്നത് ഒരു സങ്കല്പനത്തിലാണ്: ‘ഞങ്ങൾ വ്യത്യസ്തരാണെങ്കിലും, ഒരേ രാജ്യക്കാരാണ്. ഒരേ നിയമത്തിനും ഭരണഘടനയ്ക്കും സ്വപ്നത്തിനും കീഴിൽ ജീവിക്കുന്നവരാണ്’ എന്നതാണ് ആ സങ്കല്പനം. ഈ സങ്കല്പനത്തെ ശക്തിപ്പെടുത്തുന്ന ആഖ്യാനങ്ങളാണ് ജനാധിപത്യ സമൂഹങ്ങളെ ശക്തിപ്പെടുത്തുന്നതും പുതുക്കിപ്പണിയുന്നതും! ഹരാരിയുടെ വാക്കുകളിൽ, “രാഷ്ട്രം എന്നത് ഒരു ‘shared fiction’ ആണ്. എല്ലാവരും അതിൽ വിശ്വസിക്കുന്നതുകൊണ്ടു മാത്രമാണ് അതു നിലനിൽക്കുന്നത്!”
വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും അപരവത്കരണത്തിന്റെയും കഥകളിലൂടെ, ഇന്ന് ആ ഫിക്ഷനിലേക്ക് അല്ലെങ്കില്‍ ആഖ്യാനങ്ങളിലേക്ക് ‘അവർ’ എന്നും ‘നമ്മൾ’ എന്നും വേർതിരിക്കുന്ന വെറുപ്പിന്റെ കഥകളിലൂടെ, മനഃപൂർവം, ഒരു വിഷം, ഒരു വൈറസ് കലർത്തപ്പെടുകയാണ്! അത്യന്തം അപകടകരമാണ്. കേവലം വൈകാരികമായ ഒരു പ്രതികരണത്തിന്റെ പ്രശ്നമല്ല. ഇത് നമ്മെ നിലനിർത്തുന്ന ജനാധിപത്യ സാംസ്കാരിക സംവിധാനങ്ങളുടെ ആകെത്തുകയെ ബാധിക്കുന്ന പ്രശ്നമാണ്. നിരന്തരമായ വിദ്വേഷപ്രചാരണങ്ങൾ ഒന്നാമതായി, സമൂഹത്തിൽ നിലനിൽക്കുന്ന പരസ്പര വിശ്വാസത്തെ തകർക്കും. അതിന്റെ പരിണത ഫലങ്ങൾ വളരെ വലുതായിരിക്കുകയും ചെയ്യും.
നിയമ സംവിധാനം പൊള്ളയാകും!
കോടതി, പോലീസ്, മാധ്യമം, ഇതെല്ലാം പ്രവർത്തിക്കുന്നത് ജനങ്ങളുടെ ‘വിശ്വാസത്തിൽ’ ആണ്. നിരന്തരമായ വിദ്വേഷ പ്രചാരണത്തിന്റെയും അപരവത്കരണത്തിന്റെയും ഫലമായി, ‘നിയമം എല്ലാവർക്കും ഒരുപോലെയല്ല’ എന്ന് സമൂഹത്തിലെ ഒരു വിഭാഗം (ഉദാ: ന്യൂനപക്ഷങ്ങൾ) വിശ്വസിച്ചു തുടങ്ങിയാൽ, ആ സമൂഹത്തെ നിലനിർത്തുന്ന നിയമസംവിധാനം പൊള്ളയാകും! ഇങ്ങനെയാണ് സമൂഹത്തിന്റെ ഒരോ മേഖലയിലും വിദ്വേഷപ്രചാരണങ്ങൾ പ്രവർത്തിക്കുന്നത്!
രണ്ടാമതായി, സമൂഹത്തിന്റെ സമ്പദ്വ്യവസ്ഥയിൽ ഇതു വലിയ വിള്ളൽ വീഴ്ത്തും! നിക്ഷേപം വരുന്നത് ‘ഇവിടെ സ്ഥിരതയുണ്ട്’ എന്ന ഉറപ്പിലാണ്. ‘നാളെ ആരെയാണ് ഒഴിവാക്കുക’ എന്ന് ഭയമുള്ള നാട്ടിൽ, ആരും ദീർഘകാല അടിസ്ഥാനത്തിൽ മൂലധനം ഇൻവെസ്റ്റ് ചെയ്യുകയില്ല.
മൂന്നാമതായി, ഇത് സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ഭാവി ഇരുണ്ടതാക്കും. ആഗോളവത്കരണ കാലത്തെ നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാൻ ‘നമ്മൾ’ എന്ന ബോധമാണ് ഒന്നാമതായി വേണ്ടത്. ‘വെറുപ്പ്’, ‘വിഭജനം’ ആ ബോധത്തെ, തുടക്കത്തിലേ കൊല്ലും!
ചരിത്രം പറയുന്നത് ഇതാണ്: കഥകൾകൊണ്ട് തകർക്കാൻ പറ്റുന്നതെന്തും, പുതിയ കഥകൾ കൊണ്ട് പണിയാനും പറ്റും! ജനാധിപത്യം എന്നത് ദുർബലമാണ്; കാരണം അത് ജനങ്ങളുടെ വിശ്വാസത്തിലാണ് നിലനിൽക്കുന്നത്. പക്ഷേ അതുകൊണ്ടുതന്നെ, അത് ശക്തവുമാണ്! കാരണം, വിശ്വാസം പുതുക്കിപ്പണിയാൻ പറ്റും!
തീർത്തും ചെറിയ കാര്യങ്ങളിൽനിന്നു തുടങ്ങാം. ഉത്തരവാദിത്വം നമ്മൾ ഓരോരുത്തരുടേതുമാണ്. ഒരു വെറുപ്പിന്റെ കഥ, വാട്സ്ആപ്പിൽ ഷെയർ ചെയ്തു ഫോർവേഡ് ചെയ്യുന്നതിനു മുൻപ്, സ്വയം ചോദിക്കുക: ഇത് നമ്മളെ ഒരുമിപ്പിക്കുന്നുണ്ടോ അതോ വിഭജിക്കുകയാണോ?
National
ഭുവനേശ്വർ: പ്രമുഖ ഒഡിയ പിന്നണിഗായകൻ പ്രണബ് പട്നായിക് (88) അന്തരിച്ചു. ഭുവനേശ്വറിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അഞ്ചു പതിറ്റാണ് ഒഡിയ സംഗീതരംഗത്ത് അതികായനായിരുന്നു പട്നായിക്.
ഇരുനൂറിലേറെ സിനിമകളിൽ ഗാനാലാപനം നടത്തിയിട്ടുണ്ട്. ഓൾ ഇന്ത്യ റേഡിയോയുമായും സഹകരിച്ചു പ്രവർത്തിച്ച ഇദ്ദേഹത്തിന് ജയദേവ് അവാർഡ്, ഗംഗാഥർ രഥ് അവാർഡ്, ബാലകൃഷ്ണ ദാസ് മെമ്മോറിയൽ സംസ്ഥാന സിനിമാ അവാർഡ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിച്ചിട്ടുണ്ട്. 1938 ജനുവരി 20നാണ് പ്രണബ് പട്നായിക് ജനിച്ചത്. നിയമസഭ മുൻ സ്പീക്കർ ലാൽ മോഹൻ പട്നായിക്കിന്റെ മകനാണ്.
National
ന്യൂഡൽഹി: ആഭ്യന്തരമന്ത്രി അമിത് ഷായെ വെറുതെ വിടാൻ കോൺഗ്രസിന് ഉദ്ദേശ്യമില്ല. ജന്തർ മന്തർ പ്രതിഷേധത്തിനിടെ വിദ്യാർഥികൾക്കെതിരേയുണ്ടായ പോലീസ് ആക്രമണങ്ങളിൽ പ്രതിക്കൂട്ടിൽത്തന്നെയാണ് ഷാ. ഇന്നലെ പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ ആറ് മണിക്കൂറിലേറെ നീണ്ട രാഹുലിന്റെ ധർണ തെളിയിച്ചത് അതാണ്.
പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ആഭ്യന്തരമന്ത്രി മൗനം പാലിച്ചതിലൂടെ വിഷയത്തിന്റെ തീവ്രത കുറയുമെന്നാണ് ഭരണപക്ഷം പ്രതീക്ഷിച്ചിരുന്നത്. എന്നാൽ സംഭവം നടന്ന് ഒരു മാസത്തിനുശേഷം രാഹുൽ നടത്തിയ മിന്നൽധർണയിലൂടെ ആഭ്യന്തരമന്ത്രിയുടെ രാജി ആവശ്യത്തിൽനിന്ന് പിന്നോട്ടില്ല എന്ന സന്ദേശമാണ് രാഹുൽ വരച്ചിടുന്നത്.
സർപ്രൈസ് സ്ട്രൈക്ക്
ജന്തർ മന്തർ പ്രതിഷേധത്തിനിടെ പെല്ലറ്റ് ഗൺ ആക്രമണം നേരിട്ട സാഹിൽ ലൗച്ചാവ് എന്ന യുവാവ് ഓഗസ്റ്റ് 14ന് അഭിഭാഷകരുമായി ഡൽഹി പോലീസിനെ ചെന്നുകണ്ട് പരാതി നൽകിയിരുന്നെങ്കിലും കേസുമായി പോലീസ് മുന്നോട്ടു പോയിരുന്നില്ല. 17ന് വീണ്ടും പരാതി നൽകാൻ ശ്രമിച്ചെങ്കിലും വീണ്ടും അവഗണന നേരിട്ടതോടെയാണ് ലോക്സഭാ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ ഇന്നലെ ഉച്ചയോടെ സർപ്രൈസ് സ്ട്രൈക്കുണ്ടാകുന്നത്.
ഉച്ചയ്ക്ക് പന്ത്രണ്ടോടെ ആദ്യം ഡൽഹി മന്ദിർ മാർഗ് പോലീസ് സ്റ്റേഷനിലെത്തിയ രാഹുൽ അവിടെനിന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ചതോടെ പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലെ ഡെപ്യൂട്ടി പോലീസ് കമ്മീഷണുടെ ഓഫീസിലെത്തി. അവിടെനിന്നും അനുകൂല നടപടിയുണ്ടാകാതെ വന്നതോടെ മാധ്യമങ്ങളെയും പോലീസിനെയും ഞെട്ടിച്ചുകൊണ്ട് രാഹുലും സാഹിൽ ലൗച്ചാവും സാഹിലിന്റെ അമ്മയും അഭിഭാഷകയും ചേർന്ന് ധർണ ഇരിക്കുകയായിരുന്നു.
ധർണ ആരംഭിച്ചതിനു ശേഷം കോൺഗ്രസിന്റെ മുതിർന്ന നേതാക്കളും അൻപതോളം അണികളും പോലീസ് സ്റ്റേഷനിലെത്തിയതോടെ നിർത്താതെ മുദ്രാവാക്യം വിളികളും മുഴങ്ങിത്തുടങ്ങി. പ്രിയങ്ക ഗാന്ധിയും ജയ്റാം രമേശും സൽമാൻ ഖുർഷിദും കുമാരി സെൽജയും അധീർ രഞ്ജൻ ചൗധരിയും സുപ്രിയ ശ്രിനേഥും ദേവേന്ദ്ര യാദവും ഉൾപ്പെടുന്ന മുതിർന്ന കോൺഗ്രസ് നേതാക്കളാണ് ഐക്യദാർഢ്യവുമായി പോലീസ് സ്റ്റേഷനിലെത്തിയത്. ഉച്ചയ്ക്ക് 12ന് ആരംഭിച്ച ധർണ ആറ് മണിക്കൂറോളം നീണ്ടു. അധികൃതരിൽനിന്ന് അനകൂലമായ ഒരു വാർത്തയില്ലാതെ പിന്നോട്ടില്ലെന്ന രാഹുലിന്റെ നിശ്ചയദാർഢ്യത്തിനു മുന്നിൽ ഒടുവിൽ ഡൽഹി പോലീസ് മുട്ടുമടക്കുകയായിരുന്നു.
കാഞ്ചിമുന ആഭ്യന്തരമന്ത്രിയിലേക്ക്
ജന്തർ മന്തറിലെ പോലീസ് ആക്രമണങ്ങൾക്ക് ഡൽഹി പോലീസിന്റെയും സായുധസേനകളുടെയും ചുമതല വഹിക്കുന്ന അമിത് ഷായാണോ ഉത്തരവിട്ടതെന്നു ചോദിച്ചായിരുന്നു ആഭ്യന്തരമന്ത്രിക്കെതിരേ ആക്രമണം രാഹുൽ കടുപ്പിച്ചിരുന്നത്.
ഉത്തരവിട്ടത് അമിത് ഷായാണെങ്കിൽ ആക്രമണങ്ങൾക്ക് അമിത് ഷായാണ് ഉത്തരവാദിയെന്നും ആക്രമണങ്ങളെപ്പറ്റി അദ്ദേഹം ബോധവാനല്ലെങ്കിൽ അമിത് ഷായ്ക്ക് പ്രാപ്തിയില്ലെന്നുമായിരുന്നു രാഹുൽ മുമ്പു പറഞ്ഞത്. രാഹുലിന്റെ ചേക്ക്മേറ്റിന് മൗനം മാത്രമായിരുന്നു അമിത് ഷായുടെ ഇതുവരെയുള്ള മറുപടി.
പെല്ലറ്റ് ഗൺ ഉപയോഗിച്ചത് ഡൽഹി പോലീസാണെങ്കിലും അതിന്റെ കാഞ്ചിയിലുണ്ടായിരുന്ന വിരൽ അമിത് ഷായുടേതാണെന്നു സ്ഥാപിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. പെല്ലറ്റ് ഗൺ ഉപയോഗത്തിനെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തതിലൂടെ ഡൽഹി പോലീസിനെയും അതുവഴി ആഭ്യന്തരവകുപ്പിനെയും പ്രതിക്കൂട്ടിലാക്കുന്നതിൽ കോൺഗ്രസ് വിജയിച്ചി ട്ടുണ്ട്.
National
ന്യൂഡൽഹി: ഏറെ പഴികേട്ട സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ ഓൺ സ്ക്രീൻ മാർക്കിംഗ് (ഒഎസ്എം) മൂല്യനിർണയത്തിലെ ക്രമക്കേടുകളുടെ പേരിൽ വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നൽകാനാവില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
അപാകതകൾ പരിഹരിക്കാൻ പുനർ മൂല്യനിർണയത്തിനായി ഒരാഴ്ചത്തെ സമയം നൽകിയിരുന്നെന്നും 1.68 ലക്ഷത്തോളം വിദ്യാർഥികൾ ഇതിനായി അപേക്ഷിച്ചെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ സർക്കാർ വ്യക്തമാക്കി. ഒഎസ്എം സംവിധാനത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയുള്ള ഹർജികളാണ് സുപ്രീംകോടതി പരിഗണിച്ചത്.
പുനർമൂല്യനിർണയത്തിൽ സിബിഎസ്ഇ അവസരം ഒരുക്കിയിരുന്നെങ്കിലും അടിസ്ഥാനസൗകര്യങ്ങളുടെ പോരായ്മ കാരണം പല വിദ്യാർഥികൾക്കും പോർട്ടലിൽ പ്രവേശിക്കാൻ കഴിഞ്ഞില്ല. പലർക്കും തിരുത്തിയ ഉത്തരക്കടലാസുകൾ ലഭിച്ചതുമില്ലെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി.
ബുദ്ധിമുട്ട് നേരിട്ട വിദ്യാർഥികൾ മറ്റ് മത്സരപരീക്ഷകൾ വിജയിച്ചെങ്കിലും ബോർഡ് പരീക്ഷയിൽ കുറവ് മാർക്ക് ലഭിച്ചത് പ്രതിസന്ധി സൃഷ്ടിച്ചതായും ഹർജിക്കാർ ആരോപിച്ചു. കൂടാതെ പുനർമൂല്യനിർണയത്തിന് അപേക്ഷിച്ച പുതുക്കിയ ഉത്തരക്കടലാസുകൾ ലഭിച്ചിട്ടില്ലെന്നും ഹർജിക്കാർ കോടതിയിൽ പറഞ്ഞു.
തുടർന്ന് സാങ്കേതിക തകരാറുകൾ മൂലമുണ്ടായ പ്രയാസങ്ങൾ പരിഹരിക്കാൻ സ്വീകരിച്ച നടപടികൾ വിശദീകരിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി നിർദേശിച്ചു. കൂടാതെ, അപാകതകൾ മൂലം അപേക്ഷിക്കാൻ കഴിയാത്ത വിദ്യാർഥികളുടെ വിവരങ്ങൾ കൈമാറാൻ ഹർജിക്കാരോടും കോടതി ആവശ്യപ്പെട്ടു.
National
ഇംഫാല്‍: നാളുകളായി തുടരുന്ന വംശീയകലാപത്തിൽ നിന്ന് മണിപ്പൂർ മോചിതമാകുന്നുവെന്നതിന്റെ സൂചനകളുമായി ബസ് സർവീസ്. കലാപത്തെത്തുടർന്ന് മൂന്നുവർഷമായി മുടങ്ങിക്കിടന്ന ഇംഫാൽ-ഗോഹട്ടി ബസ് സർവീസ് വീണ്ടും ചലച്ചുതുടങ്ങി.
നാഗാലാന്‍ഡിലെ ദിമാപുര്‍ വഴിയുള്ള സർവീസ് മണിപ്പുരിലെ പ്രശ്നബാധിത മേഖകളെ സ്പർശിച്ച് കടന്നുപോവുകയായിരുന്നു.
ആദ്യസര്‍വീസില്‍ 125 പേര് യാത്രചെയ്തുവെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. രണ്ട് ബസുകളിലും നാല് വാനുകളിലുമായാണ് ഇവര്‍ യാത്ര ചെയ്തത്.
കാങ്പോക്പി, സേനാപതി ജില്ലകളില്‍ തടസങ്ങളൊന്നുമില്ലാതെ വാഹനം കടന്നുപോയതു ശുഭസൂചനയായി യാത്രക്കാർ പറയുന്നു. സമാധാനത്തിന് ഇത്തരം ശ്രമങ്ങള്‍ അനിവാര്യമാണെന്ന അഭിപ്രായവും യാത്രക്കാർ പങ്കുവച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്. നാളെ മുതല്‍ ഉത്രാടദിനമായ ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മൂന്നു ദിവസങ്ങളിലായി ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെയും പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ തിങ്കളാഴ്ചയും കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ചൊവ്വാഴ്ചയുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.
ഇവിടങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ 24 മണിക്കൂറില്‍ ഏഴ് മുതല്‍ 11 സെന്റീമീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്കാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
National
ന്യൂഡൽഹി: സംസ്ഥാന മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്യുകയും നാഷണൽ മെഡിക്കൽ രജിസ്റ്ററിൽ (എൻഎംആർ) യുണിക് ഐഡന്റിഫിക്കേഷൻ (യുഐഡി) നമ്പർ ലഭിക്കുകയും ചെയ്യുന്ന ഡോക്ടർമാർക്ക് രാജ്യത്ത് എവിടെയും മെഡിക്കൽ പ്രാക്ടീസ് ചെയ്യാൻ അനുമതി നൽകുന്ന ഏകീകൃത രജിസ്ട്രേഷൻ സംവിധാനത്തിനൊരുങ്ങി നാഷണൽ മെഡിക്കൽ കമ്മീഷൻ (എൻഎംസി). എൻഎംആർ രജിസ്ട്രേഷൻ വോളന്ററിയാണെന്ന കേന്ദ്രസർക്കാരിന്റെ മുൻ പ്രഖ്യാപനത്തിലാണ് ഇപ്പോൾ യു ടേൺ എടുത്തിരിക്കുന്നത്.
ഈ മാസം എൻഎംസി വിജ്ഞാപനം ചെയ്ത മെഡിക്കൽ പ്രാക്ടീഷണർമാരുടെ രജിസ്ട്രേഷൻ ആൻഡ് ലൈസൻസ് ടു പ്രാക്ടീസ് മെഡിസിൻ (ഭേദഗതി) 2026ലെ കരട് ചട്ടത്തിലാണ് എൻഎംആർ രജിസ്ട്രേഷൻ നിർബന്ധമാക്കിക്കൊണ്ടുള്ള നിർദേശം മുന്നോട്ടു വച്ചിരിക്കുന്നത്.
പുതിയ സംവിധാനമനുസരിച്ച് എത്തിക്സ് ആൻഡ് മെഡിക്കൽ രജിസ്ട്രേഷൻ ബോർഡിന്റെ ഏകീകൃത പോർട്ടൽ വഴി അപേക്ഷിക്കുകയും സംസ്ഥാന മെഡിക്കൽ കൗൺസിൽ അത് അംഗീകരിക്കുകയും ചെയ്യുന്നതോടെ ഡോക്ടർമാർക്ക് യുഐഡി നമ്പർ ലഭിക്കും. ലൈസൻസിന് അഞ്ച് വർഷത്തെ കാലാവധിയാണുണ്ടാവുക. പുതുക്കിയില്ലെങ്കിൽ രജിസ്ട്രേഷൻ നിഷ്ക്രിയമാകും. അച്ചടക്ക നടപടികളുടെ പൂർണവിവരങ്ങളും ഈ കേന്ദ്രീകൃത രജിസ്റ്ററിൽ രേഖപ്പെടുത്തും.
രാജ്യത്ത് ഏകദേശം 14 ലക്ഷത്തോളം അലോപ്പതി ഡോക്ടർമാരുള്ളപ്പോൾ, കഴിഞ്ഞ ഡിസംബർ വരെ വെറും 1,800 പേർ മാത്രമാണ് എൻഎംആർ പോർട്ടൽ വഴി രജിസ്ട്രേഷൻ പൂർത്തിയാക്കിയത്.
Kerala
തൃശൂർ: പിക്കപ്പ് ലോറിയിൽനിന്ന് ഇരുന്പുപൈപ്പുകൾ ദേഹത്തേക്കുവീണ് ബൈക്ക് യാത്രികനു ദാരുണാന്ത്യം. കുട്ടനെല്ലൂർ സ്വദേശി പട്ടത്താനം ജോസഫിന്റെ മകൻ ഷെറിൻ ജോണ്‍ (42) ആണു മരിച്ചത്. കുട്ടനെല്ലൂർ ഹൈലൈറ്റ് മാളിനുസമീപം വെള്ളിയാഴ്ച രാവിലെയാണു സംഭവം.
പത്തു മീറ്ററിലേറെ നീളമുള്ള ഇരുന്പുപൈപ്പുകളും കന്പികളുമാണു ഷെറിന്റെ ദേഹത്തു പതിച്ചത്.
തൃശൂരിൽനിന്നു കുട്ടനെല്ലൂർ ഹൈവേ ഓവർബ്രിഡ്ജ് ഭാഗത്തേക്കുപോകുന്നതിനിടെ തൊട്ടുമുന്നിലുള്ള ഓട്ടോറിക്ഷ വലത്തോട്ടു തിരിയാനായി ബ്രേക്കിട്ടതോടെ പിന്നിലുണ്ടായിരുന്ന ഷെറിനും ബ്രേക്കിട്ടു. തൊട്ടുപിന്നിലുണ്ടായിരുന്ന പിക്കപ്പ് ലോറിയും പെട്ടെന്നു ബ്രേക്ക് ചെയ്തതോടെ വാഹനത്തിന്റെ കാബിനു മുകളിലൂടെ പൈപ്പുകൾ ഷെറിന്റെ ദേഹത്തേക്കു വീഴുകയായിരുന്നു.
ഓടിക്കൂടിയവരും മാളിലെ സുരക്ഷാജീവനക്കാരും ചേർന്ന് ഇരുന്പുപൈപ്പുകൾ നീക്കി ഷെറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിനുപിന്നാലെ പിക്കപ്പ് ലോറി ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ഒല്ലൂർ പോലീസ് ലോറി കസ്റ്റഡിയിലെടുത്തു.
National
ന്യൂഡല്‍ഹി: ഏറെ വിവാദം സൃഷ്ടിച്ച കേരള സ്റ്റോറി സിനിമയ്ക്ക് എതിരായ ഹർജികൾ തീർപ്പാക്കി സുപ്രീംകോടതി.
2023ല്‍ സുദീപ്തോ സെന്‍ രചനയും സംവിധാനവും നിർവഹിച്ച, വിപുല്‍ അമൃത്ലാല്‍ ഷാ നിർമിച്ച സിനിമയുമായി ബന്ധപ്പെട്ട മൂന്ന് ഹര്‍ജികളാണ് സുപ്രീംകോടതി ഇന്നലെ തീർപ്പാക്കിയത്.
National
കൊച്ചി: സംവരണ പട്ടിക കാലോചിതമായി പുതുക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാത്ത നടപടിയില്‍ സംസ്ഥാനസര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി.
ഇതുമായി ബന്ധപ്പെട്ടു സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണു ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് വി.എം. ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ വിമര്‍ശനമുണ്ടായത്.
പിന്നാക്കവിഭാഗങ്ങളിലെ അര്‍ഹരായവര്‍ക്കു മുഴുവന്‍ സംവരണ ആനുകൂല്യം ലഭിക്കുംവിധം സംവരണ പട്ടിക പുതുക്കാന്‍ സാമൂഹിക, സാമ്പത്തിക സര്‍വേ നടപടികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന 2010ലെ ഹൈകോടതി ഉത്തരവ് നടപ്പാക്കാത്തതിനെതിരേ മൈനോറിറ്റി ഇന്ത്യന്‍സ് പ്ലാനിംഗ് ആന്‍ഡ് വിജിലന്‍സ് കമ്മീഷന് ട്രസ്റ്റ് സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയാണു കോടതിയുടെ പരിഗണനയിലുള്ളത്. സെപ്റ്റംബര്‍ എട്ടിനകം സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നു സംസ്ഥാന പിന്നാക്ക വികസന ഡയറക്ടര്‍ക്കും പിന്നാക്കവിഭാഗ കമ്മീഷന് സെക്രട്ടറിക്കും കോടതി നിര്‍ദേശം നല്കി.
ആറു മാസത്തിനകം ചട്ടത്തിലെ 11ാം വകുപ്പടക്കം പരിഗണിച്ച് സര്‍വേ നടത്തി സംവരണപ്പട്ടിക പുതുക്കല്നടപടികള് പൂര്‍ത്തിയാക്കാനായിരുന്നു 2020ലെ ഹൈക്കോടതി ഉത്തരവ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കായിരുന്നു നിര്‍ദേശം. എന്നാല്‍, 2021ലെ 105 -ാം ഭരണഘടനാ ഭേദഗതിക്കുമുമ്പായിരുന്നു ഹൈക്കോടതി ഉത്തരവുണ്ടായതെന്നും ഭേദഗതിക്കുശേഷം സാമൂഹികപരമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്ക്കുന്നവരുടെ പട്ടിക തയാറാക്കാനുള്ള അധികാരം സംസ്ഥാനസര്‍ക്കാരുകള്‍ക്കാണെന്നും ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.
2017ലെ കോടതി നിര്‍ദേശപ്രകാരം 2011ലെ സാമൂഹിക,സാമ്പത്തിക, ജാതി സെന്‍സസിന്റെ ഭാഗമായി ശേഖരിച്ച വിവരങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന് ചെയര്മാന് 2023 മേയ് 23ന് കൈമാറിയതായി സത്യവാങ്മൂലത്തില്‍ പറയുന്നു.
ഹര്‍ജിയിലെ ആവശ്യവുമയി ബന്ധപ്പെട്ട വിവരങ്ങളായതിനാല്‍ കേന്ദ്ര സത്യവാങ്മൂലത്തിലെ ഇക്കാര്യങ്ങള്‍ക്കൂടി പരിഗണിച്ചു വേണം സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടതെന്ന് സംസ്ഥാന സര്‍ക്കാരിനു കോടതി നിര്‍ദേശം നല്കി. തുടര്‍ന്ന് ഹര്‍ജി സെപ്റ്റര്‍ 11ന് പരിഗണിക്കാന്‍ മാറ്റി.
National
ന്യൂഡൽഹി: കേന്ദ്രസർക്കാർ അടുത്തിടെ പാസാക്കിയ ഖനികളും ധാതുക്കളും (വികസനവും നിയന്ത്രണവും) ഭേദഗതി നിയമം 2026നെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ.
പുതിയ നിയമം സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെയും അധികാരത്തെയും ലംഘിക്കുന്നു എന്നാരോപിച്ചാണ് നീക്കം.
ഇന്ത്യ സംഖ്യത്തിലെ അംഗമായ ജെഎംഎം ഭരിക്കുന്ന ജാർഖണ്ഡും ഈ നീക്കത്തിൽ പങ്കുചേർന്നേക്കും. ഓഗസ്റ്റ് 13നാണ് ഈ ഭേദഗതി ബിൽ പാസാക്കിയത്.
ധാതു അവകാശങ്ങളിലും ധാതുസമ്പത്തുള്ള ഭൂമികളിലും നികുതിയും സെസും ചുമത്താനുള്ള സംസ്ഥാനങ്ങളുടെ അധികാരങ്ങളെ പരിമിതപ്പെടുത്തുന്നു എന്നാണ് ഉയരുന്ന പ്രധാന ആരോപണം.
National
ന്യൂഡല്‍ഹി: സിവില്‍ ജഡ്ജിയാകാന്‍ അഭിഭാഷകവൃത്തിയിലെ പരിചയം ഒരു വര്‍ഷമായി കുറച്ച് സുപ്രീംകോടതി.
എന്‍ട്രി ലെവല്‍ ജുഡീഷല്‍ സര്‍വീസ് പരീക്ഷകളില്‍ പങ്കെടുക്കാന്‍ നിയമബിരുദധാരികള്‍ക്ക് നിര്‍ബന്ധമാക്കിയിരുന്ന മൂന്ന് വര്‍ഷത്തെ പ്രഫഷണല്‍ പ്രാക്ടീസ് കാലാവധിയാണ് കുറച്ചത്.
2025 മേയിലെ വിധിയില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് ഈ ഉത്തരവ്. ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ എ.ജി. മസിഹ്, കെ. വിനോദ് ചന്ദ്രന് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്. 2027 ഏപ്രില്‍ ഒന്നിനുശേഷം വിജ്ഞാപനം ചെയ്യുന്ന പരീക്ഷകള്‍ക്ക് പുതിയ നിയമം ബാധകമായിരിക്കും.
National
ന്യൂഡൽഹി: ആഭ്യന്തരവിപണിയിൽ പഞ്ചസാര വില കുതിച്ചുയരുന്നതിനു കാരണം എഥനോൾ ഉത്പാദനത്തിനായി കരിമ്പ് മാറ്റിയതാണെന്ന ആരോപണം തള്ളി കേന്ദ്രസർക്കാർ.
രാജ്യത്ത് ആവശ്യത്തിനു പഞ്ചസാര സ്റ്റോക്കുള്ളപ്പോൾ ചില മില്ലുടമകളും വ്യാപാരികളും കൃത്രിമക്ഷാമമുണ്ടാക്കി വില വർധിപ്പിക്കുകയാണെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രാലയം കുറ്റപ്പെടുത്തി.
മുൻവർഷങ്ങളിൽ 43 ലക്ഷം ടൺ പഞ്ചസാര എഥനോളിനായി മാറ്റിയ സ്ഥാനത്ത് ഈ വർഷം 28 ലക്ഷം ടൺ മാത്രമാണു മാറ്റിയതെന്നും നിലവിൽ എഥനോളിന്റെ ഭൂരിഭാഗവും ധാന്യങ്ങളിൽനിന്നാണു നിർമിക്കുന്നതെന്നും മന്ത്രാലയം വിശദീകരിച്ചു.
കേവലം ഏഴുമുതൽ പത്തു ദിവസത്തിനുള്ളിൽ പഞ്ചസാരയുടെ മിൽ വില കിലോഗ്രാമിന് 47-48 രൂപയിൽനിന്ന് 62 രൂപയായി ഉയർത്തിയത് ന്യായീകരിക്കാനാകാത്തതാണെന്ന് ഭക്ഷ്യ സെക്രട്ടറി സഞ്ജീവ് ചോപ്ര വ്യക്തമാക്കി.
വ്യാപാരികൾക്കെതിരേയും പൂഴ്ത്തിവയ്പുകാർക്കെതിരേയും കർശന നടപടിയെടുക്കാൻ സംസ്ഥാനങ്ങൾക്കു നിർദേശം നൽകിയിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ ചില്ലറ വിപണിയിൽ വില കുറയുമെന്നും അദ്ദേഹം ഉറപ്പുനൽകി.
പ്രതിസന്ധി പരിഹരിക്കാൻ പഞ്ചസാര മില്ലുകളിലെ കരിമ്പ് സംസ്കരണം നേരത്തേ ആരംഭിക്കുന്നതിനുള്ള തയാറെടുപ്പുകൾ നടത്താൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്കു കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, മില്ലുടമകൾ കടലാസിൽ മാത്രം വില്പന നടത്തി വിപണിയിലേക്കു പഞ്ചസാര എത്തിക്കാതെ കൃത്രിമ ക്ഷാമം സൃഷ്ടിക്കുകയാണെന്ന് സർക്കാർ കണ്ടെത്തി. വ്യവസായ സംഘടനകളായ ഐഎസ്എംഎ, എൻഎഫ്എസ്സിഎഫ് എന്നിവരുടെ പ്രതിനിധികളെ വിളിച്ചുവരുത്തി സർക്കാർ കടുത്ത അതൃപ്തി അറിയിച്ചു.
National
മുംബൈ: മറാഠി അറിയാത്ത ഡ്രൈവര്‍മാരെ കണ്ടെത്താനുള്ള മഹാരാഷ്ട്ര പോലീസിന്റെ പരിശോധനയുടെ ആദ്യദിനം പിടിയിലായത് ആയിരത്തിലേറെപ്പേര്‍.
ഒന്നാംദിവസംതന്നെ 1268 ഡ്രൈവര്‍മാര്‍ക്കു നോട്ടീസ് നല്‍കിയതായി മഹാരാഷ്ട്ര ഗതാഗതമന്ത്രി പ്രതാപ് സര്‍നായിക് അറിയിച്ചു.
ഒരുമാസത്തിനകം മറാഠി ഭാഷയില്‍ സാമാന്യപരിജ്ഞാനം നേടണമെന്നാണു നോട്ടീസിൽ നിർദേശിച്ചിരിക്കുന്നത്.
Kerala
തിരുവനന്തപുരം: ലയണൽ മെസിയെ കേരളത്തിലെത്തിക്കാമെന്നു പറഞ്ഞ് ജിഎസ്ടി വെട്ടിച്ച സംഭവത്തിൽ രാഷ്ട്രീയ നേതൃത്വത്തിനും ഉന്നത ഉദ്യോഗസ്ഥർക്കുമുള്ള പങ്കിൽ വിശദ അന്വേഷണം ഇന്നു പ്രഖ്യാപിച്ചേക്കും.
ഇതു സംബന്ധിച്ചു പ്രാഥമിക അന്വേഷണം നടത്തിയ ജിഎസ്ടി എസ്ഐടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള തുടർ നടപടി ഇന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചേക്കും.
ജിഎസ്ടി കമ്മീഷണർക്ക് സമർപ്പിച്ച റിപ്പോർട്ട് മുഖ്യമന്ത്രിക്കു കൈമാറും. ഏതു തരത്തിലുള്ള അന്വേഷണം വേണമെന്ന കാര്യത്തിൽ മുഖ്യമന്ത്രിയാകും അന്തിമതീരുമാനം എടുക്കുക.
National
ജയ്പുർ: രാജസ്ഥാനിൽ സർക്കാർ സ്കൂളിന്റെ അവസ്ഥ പരിശോധിക്കാനെത്തിയ സിജെപി പ്രവർത്തകർക്കു നേരേ ആക്രമണം.
ജയ്പുർ ജില്ലയിലെ രാംപുര കൻവർപുര ഗ്രാമത്തിൽവച്ചാണ് സിജെപി പ്രവർത്തകർക്കു നേരേ ആക്രമണമുണ്ടായത്. ‘സ്കൂളുകൾ നന്നാക്കൂ’ എന്ന സിജെപി കാംപയ്ന്റെ ഭാഗമായാണ് പ്രവർത്തകർ പ്രദേശത്തെത്തിയത്.
സിജെപി സംഘത്തിനു നേരേ കല്ലേറുണ്ടായതായും വാഹനങ്ങൾ തകർത്തതായും വനിതാപ്രവർത്തകരെ ഉപദ്രവിച്ചതായും പാർട്ടി കോ-കൺവീനർ അശുതോഷ് റാങ്ക് ആരോപിച്ചു.
സംഭവത്തിനു പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ പ്രതികരിച്ചു. എന്നാൽ, സംഭവത്തെപ്പറ്റി തങ്ങൾക്കു വിവരങ്ങളൊന്നും ലഭിച്ചില്ലെന്ന് ബഗ്രു ഡിഎസ്പി ധർമേന്ദ്ര ശർമ പ്രതികരിച്ചു.
National
ന്യൂഡൽഹി: ഹോമിയോ മരുന്നായ അർസെനികം ആൽബം കേരളത്തിൽ വിതരണം ചെയ്യുന്നതു ചോദ്യംചെയ്തുകൊണ്ടുള്ള ഹർജി സുപ്രീംകോടതി പരിഗണിച്ചില്ല.
കോവിഡ് 19 മഹാമാരി കാലത്ത് ശാസ്ത്രീയ പരീക്ഷണങ്ങളോ ട്രയലുകളോ ഇല്ലാതെയാണ് ഈ മരുന്ന് പ്രതിരോധശേഷി വർധിപ്പിക്കുന്നതായി പ്രചരിപ്പിച്ച് വിതരണം ചെയ്തെന്ന് ആരോപിച്ചായിരുന്നു ഹർജി.
International
ബെർലിൻ: സ്വീഡനിലെ സ്കൂളിൽ അക്രമി വാളുകൊണ്ട് നടത്തിയ ആക്രമണത്തിൽ ഒട്ടേറെ പേർക്കു പരിക്കേറ്റു.
ഫാഗേർസ്ത നഗരത്തിലെ ബ്രിനെൽ സ്കൂളിലായിരുന്നു ആക്രമണം. അക്രമിയെ പോലീസ് പിടികൂടി.
International
ദുബായി: അമേരിക്കയുടെ സാമ്പത്തിക ഉപരോധഭീഷണി തള്ളി ഇറാൻ. സാമ്പത്തിക ഉപരോധംപോലുള്ള പരാജയപ്പെട്ട നയങ്ങൾ ഇറേനിയൻ ജനങ്ങളുടെ ശത്രുത വിളിച്ചുവരുത്താൻ മാത്രമേ ഉപകരിക്കുകയുള്ളൂവെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.
സാമ്പത്തിക ഉപരോധം തീർത്ത് ഇറാനെ ഞെരുക്കി ഇല്ലാതാക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്കു പിന്നാലെയാണ് അരാഗ്ചിയുടെ പ്രതികരണം.
ആഭ്യന്തര സാമ്പത്തിക പ്രശ്നങ്ങളിൽനിന്ന് അമേരിക്കക്കാരുടെ ശ്രദ്ധതിരിച്ചുവിടുകയാണ് ഇത്തരം ഭീഷണികളുടെ ലക്ഷ്യമെന്ന് അരാഗ്ചി സമൂഹമാധ്യമപോസ്റ്റിൽ പറഞ്ഞു. ആഗോള ഭീകരവാദമാണ് അമേരിക്ക നടത്തുന്നത്.
ഇത് ലോകത്തിന് മുഴുവൻ ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോക ചരിത്രത്തിലെതന്നെ ഏറ്റവും ശക്തമായ ഏകോപിത സാമ്പത്തിക ഒറ്റപ്പെടുത്തലാണ് ഇറാൻ ഇനി നേരിടാൻ പോകുന്നതെന്നാണ് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് പറഞ്ഞു.
ഇറാനുമായി വ്യാപാരബന്ധം പുലർത്തുന്ന മറ്റു രാജ്യങ്ങൾക്കും കമ്പനികൾക്കും മേൽ ഉപരോധം ഏർപ്പെടുത്തും. യുഎസ് സഖ്യകക്ഷികൾ അവരുടെ നിലപാട് തീരുമാനമെടുക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.
International
ടെഹ്റാൻ: രണ്ടു പതിറ്റാണ്ടിലേറെയായി ഇറാനിലെ സംഘർഷങ്ങളും ജനകീയ പ്രക്ഷോഭങ്ങളും കാമറയിൽ പകർത്തി ലോകത്തിനുമുന്നിൽ എത്തിച്ച പ്രമുഖ ഫോട്ടോജേർണലിസ്റ്റ് യൽദ മൊയേരിക്ക് 15 വർഷം തടവുശിക്ഷ വിധിച്ച് കോടതി.
‘ദേശീയ സുരക്ഷയ്ക്കെതിരേ സയണിസ്റ്റ് ഭരണകൂടത്തിന്റെ താത്പര്യങ്ങൾക്കായി പ്രവർത്തിച്ചു’ എന്ന കുറ്റം ചുമത്തിയാണു ശിക്ഷ. വിധിക്കെതിരേ അപ്പീൽ നൽകാൻ തീരുമാനിച്ചതായി യൽദ അറിയിച്ചു.
മാർച്ച്-ഏപ്രിൽ മാസങ്ങളിൽ നടന്ന യുഎസ്-ഇസ്രയേൽ സംഘർഷങ്ങളും സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് രാജ്യത്തുടനീളം അലയടിച്ച പ്രതിഷേധങ്ങളും പകർത്തി ലോകത്തിനുമുന്നിൽ എത്തിച്ച വ്യക്തിയാണ് യൽദ.
തന്റെ കേസിന് ലഭിക്കുന്ന രാജ്യാന്തര ശ്രദ്ധ, സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾക്കു കീഴിൽ ഭയത്തോടെ ജോലി ചെയ്യുന്ന മറ്റു മാധ്യമപ്രവർത്തകർക്കും കരുത്താകുമെന്ന് യൽദ പറഞ്ഞു.
Kerala
ആലപ്പുഴ: നെഹ്റുവിന്റെ കൈയൊപ്പു ചാർത്തിയ ട്രോഫിക്കായി ആലപ്പുഴ പുന്നമടക്കായലില്‍ ഇന്ന് 72ാമത് നെഹ്റുട്രോഫി ജലോത്സവം നടക്കുകയാണ്. എന്നാൽ വള്ളംകളിയുടെ ചരിത്രമാരംഭിക്കുന്നത് ക്രിസ്തുവിന് മൂവായിരം വര്‍ഷങ്ങള്‍ക്ക് അപ്പുറം. ക്രിസ്തുവർഷത്തിൽ ജലോത്സവത്തിന് തുടക്കം കുറിച്ചത് 1715ല്‍ അയര്‍ലന്‍ഡുകാരനായ തോമസ്ഡോഗറ്റാണെന്ന് കരുതപ്പെടുന്നു.
ആദ്യമത്സരം ക്രിസ്തുവിന്
മൂവായിരം വര്‍ഷങ്ങള്‍ക്ക് അപ്പുറം
ലോകത്തിലാദ്യമായി കളിവള്ളങ്ങള്‍ പങ്കെടുത്ത ജലമേള ക്രിസ്തുവിന് മൂവായിരം വര്‍ഷങ്ങള്‍ക്ക് അപ്പുറം ഗ്രീസിലെ അസീറിയായില് നടന്നതായി കരുതപ്പെടുന്നു. ഗ്രീക്ക് ദേവതയായ അഥീനിയെ പ്രീതിപ്പെടുത്താനായിരുന്നു ഈ വള്ളംകളി. ക്രിസ്ത്വബ്ദ കാലത്ത് വഞ്ചിതുഴയല്‍ മത്സരം ആദ്യം നടന്നത് ബ്രിട്ടനിലെ തെംസ് നദിയിലാണ്. 1775ലും 1890ലും ബെല്‍ജിയത്തിലെ വഞ്ചിതുഴയല്‍ ക്ലബ്ബുകളുടെ ഫെഡറേഷന് യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് മത്സരം തന്നെ സംഘടിപ്പിച്ചിരുന്നു. 1992ൽ നിലവില്‍വന്ന ഇന്റര്‍നാഷണല്‍ റോവിംഗ് ഫെഡറേഷന്റെ നേതൃത്വത്തില്‍ ആദ്യത്തെ ഔദ്യോഗിക യൂറോപ്യന്‍ മത്സരം നടന്നു. 1900ല്‍ ഒളിംപിക്സില്‍ ആദ്യമായി വള്ളംതുഴയല്‍, മത്സരമായി അംഗീകരിച്ചു. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകാരും കമ്പോഡിയക്കാരും കളിവള്ളങ്ങളുടെ മത്സരം സംഘടിപ്പിച്ചിരുന്നു. സിംഗപ്പൂരില്‍ ഡ്രാഗണ്‍ വള്ളങ്ങളില്‍ ജലോത്സവം നടത്തിയിരുന്നു.
ബാങ്കോക്കില്‍ നടന്ന അന്താരാഷ്ട്ര അരയന്ന വള്ളങ്ങളുടെ മത്സരത്തില്‍ ഓസ്ട്രേലിയ, അമേരിക്ക തുടങ്ങിയ 14 രാജ്യങ്ങളുടെ ടീമുകള്‍ പങ്കെടുത്തിരുന്നു. സിംഗപ്പൂരിലെ ഇന്റര്‍നാഷണല്‍ ഡ്രാഗണ്‍ മത്സരത്തില്‍ ഇന്ത്യന്‍ ടീമിന് വേണ്ടി കുട്ടനാട്ടിലെ തുഴച്ചില്‍ക്കാരും പങ്കെടുത്തിരുന്നു.
നാട്ടുരാജാക്കന്മാരും കേരളത്തിലെ വള്ളംകളിയും
പുറക്കാട് രാജ്യത്തിന്റെ പതനത്തില്‍നിന്ന് ഉദയം ചെയ്ത ചെമ്പകശേരി രാജ്യവുമായി ബന്ധപ്പെട്ടതാണ് വള്ളംകളിക്കെത്തുന്ന വിവിധ കളിവള്ളങ്ങളുടെ കഥ. ഇന്നത്തെ അമ്പലപ്പുഴ, കുട്ടനാട് താലൂക്കുകള്‍ ചേര്‍ന്നതായിരുന്നു ചെമ്പകശേരി രാജ്യം. ദേവനാരായണന്മാര് എന്നറിയപ്പെട്ടിരുന്ന രാജാക്കന്മാരായിരുന്നു ഭരണാധിപന്മാര്. 17-ാം നൂറ്റാണ്ടില്‍ സ്ഥാപിതമായി എന്നു കരുതുന്ന ചെമ്പകശേരിയുടെ നാവികസേനയ്ക്കായി നിര്‍മിച്ച പടക്കപ്പലുകളാണ് ഇന്നത്തെ ചുണ്ടന്‍വള്ളങ്ങളുടെ പൂര്‍വികര്‍. ചുണ്ടന്വള്ളത്തിലാണ് സൈന്യം കയറുന്നത്.
ഇവര്‍ക്കുള്ള ഭക്ഷണം വച്ചുകൊടുക്കുന്ന വള്ളങ്ങളെയാണ് വയ്പ്പുവള്ളങ്ങള് എന്നു പറഞ്ഞിരുന്നത്. ഒളിപ്പോരാട്ടത്തിനുപയോഗിച്ചിരുന്നതാണ് ഇരുട്ടുകുത്തി അഥവാ ഓടി വള്ളങ്ങള്‍. ഇന്നത്തെ ഹൗസ് ബോട്ടുകളുടെ ആദ്യരൂപമായിരുന്നു ചുരുളൻ വള്ളം. നാട്ടുപ്രമാണിമാർ സഞ്ചരിച്ചിരുന്നത് ഇതിലാണ്. ചരക്കുകൊണ്ടുപോകാൻ ഉപയോഗിച്ചിരുന്നതാണ് കന്പനിവള്ളങ്ങൾ. ചുണ്ടന്‍വള്ളങ്ങളിലെ തുഴച്ചില്‍ക്കാരുടെ വിന്യാസത്തിലുമുണ്ട് ചില പ്രതീകങ്ങള്‍. ഒരു ചുണ്ടനില്‍ 64 തുഴച്ചില്ക്കാരെന്നാണ് പഴയ നിയമം. ഇവര്‍ 64 കലകളെ പ്രതിനിധീകരിക്കുന്നു. നാല് അമരക്കാര്‍ നാലു വേദങ്ങളുടെ പ്രതീകമാണ്. 12 നിലക്കാര്‍ 12 രാശികളെ പ്രതിനിധീകരിക്കുന്നു.
നെഹ്റു ട്രോഫിക്കു പിന്നില്‍
ഏറ്റവും അധികം ജലരാജാക്കന്മാരും കളിവള്ളങ്ങളും അണിനിക്കുന്ന ലോകത്തിലെതന്നെ ഏറ്റവും വലിയ ജലമാമാങ്കമാണ് ഇന്ന് ആലപ്പുഴയില്‍ നടക്കുന്ന നെഹ്റുട്രോഫി. 1952ല്‍ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ കേരള സന്ദര്‍ശനത്തോടനുബന്ധിച്ച് വേമ്പനാട്ട് കായലില്‍ സംഘടിപ്പിക്കപ്പെട്ട ചുണ്ടന്‍വള്ളങ്ങളുടെ മത്സരമാണ് പിന്നീട് നെഹ്റുട്രോഫിയായി പരിണമിച്ചത്. അന്ന് ഒമ്പത് ചുണ്ടന്‍വള്ളങ്ങളാണ് പങ്കെടുത്തത്. മത്സരത്തില്‍ ആവേശഭരിതനായി നടുഭാഗം ചുണ്ടനില്‍ ചാടിക്കയറിയ നെഹ്റു ആലപ്പുഴ ബോട്ട്ജെട്ടിവരെ ആ വള്ളത്തില്‍ സഞ്ചരിച്ചു.
ഡല്‍ഹിയിലെത്തിയ നെഹ്റു തന്റെ കൈയൊപ്പു ചാര്‍ത്തി, ചുണ്ടന് വള്ളത്തിന്റെ മാതൃകയില്‍ ഒരു വെള്ളി ട്രോഫി കൊല്ലം ജില്ലാ കളക്ടര്‍ക്ക് അയച്ചു കൊടുത്തു. ആ ട്രോഫിക്കായി നടക്കുന്നതാണ് നെഹ്റുട്രോഫി വള്ളംകളി. 1953ല്‍ മത്സരം നടന്നില്ല.
1954ല്‍ കൈനകരി മീനപ്പള്ളി വട്ടക്കായലില്‍ പ്രൈംമിനിസ്റ്റേഴ്സ് ട്രോഫിക്ക് വേണ്ടി മത്സരം ആരംഭിച്ചു. ഇവിടം മത്സരത്തിന് യോജിക്കാത്തതിനാല്‍ 1955 മുതലാണ് പുന്നമടക്കായലില്‍ നെഹ്റു ട്രോഫി സംഘടിപ്പിക്കപ്പെട്ടു തുടങ്ങിയത്. നെഹ്റുവിന്റെ മരണ ശേഷമാണ് പ്രൈംമിനിസ്റ്റേഴ്സ് ട്രോഫി നെഹ്റുട്രോഫിയായി മാറിയത്.
Kerala
കോട്ടയം: വിവിധ സാമൂഹ്യശുശ്രൂഷ മേഖലകളില്‍ സുത്യര്‍ഹമായ സേവനം അനുഷഠിക്കുന്ന സന്യാസിനികളെ ആദരിക്കുന്നതിനായി കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഫാ. ഏബ്രഹാം മുത്തോലത്ത് ഫൗണ്ടേഷനുമായി സഹകരിച്ചു ഏര്‍പ്പെടുത്തിയിരിക്കുന്ന സമരിറ്റന്‍ സമര്‍പ്പിത സാമൂഹ്യ ശ്രേഷ്ഠ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.
സെന്റ് ജോസഫ് കോണ്ഗ്രിഗേഷന് സുപ്പിരീയര്‍ ജനറല്‍ സിസ്റ്റര്‍ സൗമി എസ്ജെസി, കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് ഹോസ്പിറ്റല്‍ മെഡിക്കല്‍ സൂപ്രണ്ടും പീഡിയാട്രിക് ആന്‍ഡ് നിയോനേറ്റോളജി കണ്‍സള്‍ട്ടന്റുമായ സിസ്റ്റര്‍ ഡോ. ലത എസ്വിഎം, ഇടുക്കി ഗ്രീന്‍വാലി ഡെവലപ്മെന്റ് സൊസൈറ്റി പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ജിജി വെളിഞ്ചായില്‍, ലിറ്റില്‍ ഡോട്ടേഴ്സ് ഓഫ് സെന്റ് ജോണ്‍ ഗില്‍ബര്‍ട്ട് കോണ്ഗ്രിഗേഷന് റീജണല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ റോമില്‍ഡ, ഡോട്ടേഴ്സ് ഓഫ് ചാരിറ്റി ഓഫ് ദ മോസ്റ്റ് പ്രെഷ്യസ് ബ്ലെഡ് കോണ്ഗ്രിഗേഷന് റീജണല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ റിന്‍സി കോയിക്കര എന്നിവരാണ് പുരസ്കാര ജേതാക്കള്‍.
5001 രൂപയും മെമന്റോയും പൊന്നാടയും അടങ്ങുന്ന പുരസ്കാരം സെപ്റ്റംബര്‍ 12ന് ഉച്ചകഴിഞ്ഞ് 2.30നു പാലാ ചേര്‍പ്പുങ്കല്‍ മുത്തോലത്ത് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തില്‍ സമ്മാനിക്കുമെന്ന് കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ അറിയിച്ചു.
പുരസ്കാര സമര്‍പ്പണ സമ്മേളനത്തിന്റെ ഉദ്ഘാടനം കേരള ഗവണ്മെന്റ് ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് നിര്‍വഹിക്കും. കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിക്കും.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ ഹരിതകര്‍മസേനാംഗങ്ങള്‍ക്ക് ഓണം പ്രമാണിച്ചു നല്കി വരുന്ന ഉത്സവബത്ത വര്‍ധിപ്പിച്ചു കൊണ്ട് തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവിറക്കി.
കഴിഞ്ഞ വര്‍ഷം ലഭിച്ച 1250 രൂപയില്‍ നിന്ന് ഈ വര്‍ഷം1500 രൂപയായി ഉയര്‍ത്തി. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറുടെ ശിപാര്‍ശ പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടി.
2026-ലെ ഓണം ഉത്സവബത്തയായി 1500 രൂപ തദ്ദേശ സ്ഥാപനങ്ങളുടെ തനതു ഫണ്ടില്‍ നിന്നും അനുവദിക്കാനുള്ള യഥേഷ്ടാനുമതിയും ഉത്തരവിലൂടെ നല്‍കിയിട്ടുണ്ട്.
Kerala
ആലുവ: എസ്ഡി സന്യാസിനീസമൂഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് തോട്ടുമുഖം ജനറലേറ്റിൽ കുടുംബസംഗമം നടന്നു.
എറണാകുളം-അങ്കമാലി അതിരൂപതയിൽ എസ്ഡി സന്യാസിനീസമൂഹത്തിന് അനുവാദവും പൈതൃകാശീർവാദവും നൽകിയ മാർ അഗസ്റ്റിൻ കണ്ടത്തിൽ, സ്ഥാപകപിതാവ് ധന്യൻ ഫാ. വർഗീസ് പയ്യപ്പിള്ളി, സന്യാസിനീസമൂഹത്തിലെ ആദ്യ സഹോദരിമാരായ സിസ്റ്റർ ജോസഫിന കുപ്പിയിൽ ഇടക്കാല, സിസ്റ്റർ സിസിലി മഠത്തിപ്പറമ്പിൽ, സിസ്റ്റർ ജെൽത്രൂദ് മഴുവഞ്ചേരി, സിസ്റ്റർ കൊച്ചുത്രേസ്യാ കൂറ്റാഞ്ചേരി, കാളാമ്പറമ്പിൽ ത്രേസ്യ, എസ്ഡിയുടെ ബാലാരിഷ്ടതകളിൽ കൂടെനിന്ന ഫാ. വർഗീസ് പതിയാമൂലയച്ചൻ, 41 വർഷം സന്യാസിനീസമൂഹത്തെ നയിച്ച മോൺ. ജോർജ് വല്യാറമ്പത്ത് എന്നിവരുടെ കുടുംബാംഗങ്ങളുൾപ്പെടെ 200ഓളം പേരാണു സംഗമത്തിൽ പങ്കെടുത്തത്.
കോതമംഗലം രൂപത വികാരി ജനറാൾ മോൺ. പയസ് മലേക്കണ്ടത്തിലിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയർപ്പിച്ചു. ഫാ. സെബാസ്റ്റ്യൻ കണ്ടേത്ത്, ഫാ. ജിൻസൻ വല്യാറമ്പത്ത്, ഫാ. പ്രശാന്ത് കുരിശിങ്കൽ, ഫാ. ജോസ് പതിയാമൂല എന്നിവർ സഹകാർമികത്വം വഹിച്ചു.
എസ്ഡി സന്യാസിനീസമൂഹം രൂപമെടുക്കാനും വളർത്താനും പങ്കുവഹിച്ച മഹദ് വ്യക്തിത്വങ്ങളുടെ പിൻതലമുറക്കാരായ കുടുംബാംഗങ്ങളെ ആദരിക്കാനും അവരോടൊപ്പം ശതാബ്ദിവർഷം ആഘോഷിക്കാനും കഴിഞ്ഞത് ദൈവാനുഗ്രഹത്തിന്റെ അനുഭവമാണെന്ന് സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ലിസ് ഗ്രെയ്സ് പറഞ്ഞു.
Kerala
കൊച്ചി: ഇന്ത്യ തദ്ദേശീയമായി രൂപകല്പന ചെയ്തു നിർമിക്കുന്ന എട്ട് ആന്റി സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റുകളിൽ (ആഴം കുറഞ്ഞ കടൽപ്രദേശങ്ങളിലെ അന്തർവാഹിനി വേധ യുദ്ധക്കപ്പൽ) മൂന്നാമത്തെ കപ്പൽ ‘മംഗ്രോൾ’ നാവികസേനയ്ക്കു കൈമാറി.
കൊച്ചിൻ ഷിപ്പ്യാർഡിൽ നടന്ന ചടങ്ങിലാണ് യുദ്ധക്കപ്പൽ കൈമാറിയത്. പ്രതിരോധമേഖലയിലെ സ്വയംപര്യാപ്തത ശക്തിപ്പെടുത്തുന്നതിനും ആത്മനിർഭർ ഭാരത് ദർശനം മുന്നോട്ടുകൊണ്ടുപോകുന്നതിനുമുള്ള സുപ്രധാന നേട്ടമാണിത്.
ഷിപ്പ്യാർഡ് ഡയറക്ടർ (ഓപ്പറേഷൻസ്) ഡോ. എസ്. ഹരികൃഷ്ണൻ , ‘മംഗ്രോൾ’ കമാൻഡിംഗ് ഓഫീസർ (ഡസിഗ്നേറ്റ്) കമാൻഡർ യു. ശരൺ കുമാർ എന്നിവർ ഡെലിവറി പ്രോട്ടോകോളിൽ ഒപ്പുവച്ചു. ഷിപ്പ്യാർഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വി.ജെ. ജോസ്, കൊച്ചി വാർഷിപ്പ് പ്രൊഡക്ഷൻ സൂപ്രണ്ട് അനൂപ് മേനോൻ, പശ്ചിമ നേവൽ കമാൻഡിലെ കമാൻഡ് റിഫിറ്റ് ഓഫീസർ പിയൂഷ് ബദോണി, ചീഫ് വിജിലൻസ് ഓഫീസർ ഡോ. സി. പാണ്ടി സെൽവദുരൈ തുടങ്ങിയവർ പങ്കെടുത്തു.
ജലാന്തർ നിരീക്ഷണം, തെരച്ചിലും രക്ഷാപ്രവർത്തനങ്ങളും , കുറഞ്ഞ തീവ്രതയുള്ള സമുദ്രപ്രവർത്തനങ്ങൾ തുടങ്ങിയ വിവിധ നിർണായകദൗത്യങ്ങൾ നിർവഹിക്കാൻ കപ്പലിനു കഴിയും. തീരദേശ ജലമേഖലകളിലെ ആന്റി സബ്മറൈൻ വാർഫെയർ പ്രവർത്തനങ്ങൾക്കായി പ്രത്യേകം രൂപകല്പന ചെയ്തിരിക്കുന്ന ‘മംഗ്രോൾ’ നൂതന മൈൻ ലേയിംഗ് ശേഷിയും ഉൾക്കൊള്ളുന്നതാണ്.
ഡീസൽ എൻജിൻ–വാട്ടർജെറ്റ് പ്രൊപ്പൽഷൻ സംവിധാനമാണു കപ്പലിൽ ഉപയോഗിച്ചിരിക്കുന്നത്. ഭാരം കുറഞ്ഞ ടോർപിഡോകൾ, തദ്ദേശീയമായി വികസിപ്പിച്ച റോക്കറ്റുകൾ, നൂതന ഷാലോ വാട്ടർ സോണാറുകൾ തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളും കപ്പലിൽ സജ്ജീകരിച്ചിട്ടുണ്ട്. തീരദേശത്തെ ആഴം കുറഞ്ഞ ജലമേഖലകളിൽ ജലാന്തർ ഭീഷണികളെ കണ്ടെത്താനും പിന്തുടരാനും പ്രതിരോധിക്കാനും ഈ സംവിധാനങ്ങൾ കപ്പലിന്റെ ശേഷി ഗണ്യമായി വർധിപ്പിക്കുന്നു.
ഗുജറാത്തിലെ സൂറത്ത് ജില്ലയിലെ ചരിത്രപരവും തന്ത്രപ്രധാനവുമായ തീരദേശ പട്ടണമായ മംഗ്രോളിന്റെ പേരാണ് കപ്പലിനു നൽകിയിരിക്കുന്നത്.
Kerala
ആലുവ: അഗതികളുടെ സഹോദരിമാരുടെ സന്യാസിനീ സമൂഹത്തിന്റെ (സിസ്റ്റേഴ്സ് ഓഫ് ദ ഡെസ്റ്റിറ്റ്യൂട്ട്- എസ്ഡി) ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള പൊതുസമ്മേളനം ഇന്നു നടക്കും. ആലുവ തോട്ടുമുഖം എസ്ഡി ജനറലേറ്റില്‍ രാവിലെ 10.30ന് കൃതജ്ഞതാ ദിവ്യബലി. 2.30ന് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശന് ഉദ്ഘാടനം ചെയ്യും.
സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ അധ്യക്ഷത വഹിക്കും. മന്ത്രി റോജി എം. ജോണ്‍, ഡല്‍ഹി ആര്‍ച്ച്ബിഷപ് ഡോ. അനില്‍ കൂട്ടോ, വിവിധ രൂപതകളില്‍നിന്നുള്ള മെത്രാന്മാര്, വൈദികര്‍, വൈദിക, സമര്‍പ്പിത സമൂഹങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയനേതാക്കള്‍, അഗതിമന്ദിരങ്ങളുടെ പ്രതിനിധികൾ, അഭ്യുദയകാംക്ഷികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ശതാബ്ദിവർഷത്തിൽ ആദ്യവ്രതം സ്വീകരിച്ച എസ്ഡി സന്യാസിനിമാർക്കു സ്വീകരണവും സമര്‍പ്പിതജീവിതത്തിന്റെ 25, 50 വര്‍ഷങ്ങളിലെത്തിയ എസ്ഡി സന്യാസിനിമാർക്ക് അനുമോദനവും ഇന്നലെ നടന്നു. ശതാബ്ദിയോടനുബന്ധിച്ച് സീറോമലബാര്‍ സഭയിലെ വിവിധ മെത്രാന്മാര് നാളെ എസ്ഡി ജനറലേറ്റില്‍ ഒരുമിച്ചുചേരും. വൈകുന്നേരം 5.30ന് സമൂഹബലി. മുൻ ജനറല്‍ കൗണ്‍സിലുകളിലെ അംഗങ്ങള്‍ 24ന് ജനറലേറ്റില്‍ ഒത്തുചേരും.
ധന്യൻ ഫാ. വർഗീസ് പയ്യപ്പിള്ളി സ്ഥാപിച്ച എസ്ഡി സന്യാസിനീ സമൂഹത്തിലെ 1400 ലധികം സന്യാസിനിമാര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെയും 12 വിദേശരാജ്യങ്ങളിലെയും ആറു പ്രോവിന്‍സുകളിലായി പ്രേഷിതശുശ്രൂഷ ചെയ്യുന്നുണ്ട്.
Kerala
കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യു കൊല്ലപ്പെട്ട കേസിന്റെ വിചാരണ ഒക്ടോബര്‍ 15ന് ആരംഭിക്കും. നാലു മാസത്തിനകം കേസില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിചാരണയുടെ സമയക്രമം നിശ്ചയിക്കുകയായിരുന്നു.
അവധി ദിവസങ്ങളിലൊഴികെ തുടര്‍ച്ചയായി വിചാരണ നടത്തി 18 ദിവസത്തിനുള്ളില്‍ സാക്ഷിവിസ്താരം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. കേസില്‍ 156 സാക്ഷികളെ വിസ്തരിക്കും. ഒന്നും രണ്ടും സാക്ഷികളെയാണ് ആദ്യ ദിവസം വിസ്തരിക്കുക. മൂന്നുമുതല്‍ അഞ്ചുവരെയുള്ള സാക്ഷികളെ 16നും ആറുമുതല്‍ എട്ടുവരെയുള്ള സാക്ഷികളെ 17നും ബാക്കിയുള്ള സാക്ഷികളെ നവംബര്‍ 12നുള്ളിലും വിസ്തരിക്കും.
പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി കെ.കെ.ബാലകൃഷ്ണനാണു കേസ് പരിഗണിക്കുന്നത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. മോഹന്‍രാജാണ് ഹാജരാകുന്നത്.
പ്രതിഭാഗം ആവശ്യപ്പെട്ട 209 രേഖകളില്‍ 112 രേഖകള്‍ പ്രോസിക്യൂഷന് കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. 2018 സെപ്റ്റംബര്‍ 24ന് കുറ്റപത്രം നല്‍കിയിട്ടും വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കാനായിട്ടില്ലെന്ന അഭിമന്യുവിന്റെ അമ്മയുടെ ഹര്‍ജിയില്‍ നാലു മാസത്തിനകം പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ഒമ്പത് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ 2025 ജനുവരിയില്‍ കോടതി ഉത്തരവിട്ടെങ്കിലും കഴിഞ്ഞ മാസമാണു കേസിന്റെ വിചാരണനടപടികള്‍ ആരംഭിച്ചത്.
ഈ മാസം 13നാണ് പ്രതികള്‍ക്കെതിരേ കുറ്റം ചുമത്തല്‍ പൂര്‍ത്തിയായത്.
Kerala
കൊച്ചി: തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കോഫി ഹൗസ് സഹകരണസംഘത്തില്‍ ജനറല്‍ വര്‍ക്കര്‍ തസ്തികയില്‍ നിയമനം നടത്താമെങ്കിലും തത്കാലത്തേക്ക് അംഗങ്ങളാക്കരുതെന്ന് ഹൈക്കോടതി.
ജനറല്‍ വര്‍ക്കര്‍ നിയമനത്തിന്റെ മറവില്‍ പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതും ഷെയര്‍ സംഖ്യ ഈടാക്കുന്നതും ചോദ്യം ചെയ്ത് ഇന്ത്യന്‍ കോഫി ബോര്‍ഡ് എംപ്ലോയീസ് യൂണിയന് സെക്രട്ടറി സി.കെ. രാജേഷടക്കം സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റീസ് പി. ഗോപിനാഥിന്റെ ഇടക്കാല ഉത്തരവ്.
ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി കോഫി ഹൗസ് ഭരണസമിതിക്കു നോട്ടീസ് അയയ്ക്കാൻ ഉത്തരവായി. കോഫി ഹൗസില്‍ എഴുത്തുപരീക്ഷ കൂടാതെയുള്ള ജനറല്‍ വര്‍ക്കര്‍മാരുടെ നിയമനം അന്തിമവിധിക്കു വിധേയമായിരിക്കുമെന്ന ഉത്തരവ് മറ്റൊരു ഹര്‍ജിയില്‍ നിലവിലുണ്ട്.
Kerala
ആലപ്പുഴ: പെല്ലറ്റ് ഗൺ ആക്രമണത്തിൽ കാഴ്ചശക്തി നഷ്ടപ്പെടുന്ന സാഹചര്യത്തിലെത്തിയ സാഹിൽ എന്ന വിദ്യാർഥി നൽകിയ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പോലീസ് തയാറാകാത്തതിന് കാരണം മന്ത്രി അമിത് ഷായെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി.
ആരാണ് പെല്ലറ്റ് ഗൺ ഉപയോഗിക്കാൻ അനുമതി നൽകിയതെന്ന പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളിൽ നിന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ഒളിച്ചോടുകയായിരുന്നുവെന്ന് വേണുഗോപാൽ പറഞ്ഞു.
Kerala
തിരുവനന്തപുരം: ഓണത്തിന് സംസ്ഥാനത്തെ തദ്ദേശ സ്ഥാപന ജനപ്രതിനിധികൾക്ക് 2000 രൂപ വീതം ഉത്സവ ബത്ത അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി.
ത്രിതല തദ്ദേശ സ്ഥാപന അംഗങ്ങൾക്കും അധ്യക്ഷൻ, ഉപാധ്യക്ഷൻ തുടങ്ങിയവർക്കും ഉത്സവ ബത്ത അനുവദിച്ചു.
തദ്ദേശ സ്ഥാപനങ്ങളുടെ തനതു ഫണ്ടിൽ നിന്നു തുക അനുവദിക്കാം. കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ നൽകിയ നിവേദനത്തെ തുടർന്നാണ് നടപടി.
ഓഗസ്റ്റിലെ ഓണറേറിയം ഓണത്തിനു മുൻപ് മുൻകൂറായി അനുവദിക്കാനും തദ്ദേശ വകുപ്പിന്റെ ഉത്തരവിൽ പറയുന്നു.
Kerala
കൊച്ചി: ഡിജിപി എസ്. ശ്രീജിത്തിനെതിരേ വിജിലന്‍സ് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന് ദിപിന് എടവന വീണ്ടും ഹൈക്കോടതിയില്‍ ഹര്‍ജി നല്കി.
ഹര്‍ജി പരിഗണിച്ച ജസ്റ്റീസ് എ. ബദറുദ്ദീന്‍ ആഭ്യന്തരവകുപ്പ് അടക്കം എതിര്‍കക്ഷികളോടു വിശദീകരണം തേടി. അഴിമതിയും ബിനാമി ഇടപാടുകളും കള്ളപ്പണം വെളുപ്പിക്കലുമടക്കം ആരോപണങ്ങള്‍ ഉന്നയിച്ചാണു ഹര്‍ജി.
National
ഹൈദരബാദ്: തെലുങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഢിക്കെതിരേ വനംമന്ത്രി കോണ്ട സുരേഖയുടെ മകൾ സുഷ്മിത നടത്തിയ വിവാദപരാമർശങ്ങളിൽ പാർട്ടിക്കുള്ളിൽ അമർഷം പുകയുന്നു. സംഭവത്തിൽ പാർട്ടി നേതൃത്വം കർശന നടപടി സ്വീകരിക്കണമെന്നു ഭരണകക്ഷിയായ കോൺഗ്രസിലെ ഇരുപതോളം എംഎൽഎമാരും എംഎൽസിമാരും ആവശ്യപ്പെട്ടു. മകളുടെ പരാമർശങ്ങൾ അവരുടെ വ്യക്തിപരമായ നിലപാടാണെന്ന മന്ത്രിയുടെ വീശദീകരണത്തെയും ജനപ്രതിനിധികൾ ശക്തമായി എതിർത്തു.
മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്നവർക്കെതിരേ കടുത്ത പാർട്ടി നടപടി വേണമെന്ന് എംഎൽഎമാർ ആവശ്യപ്പെട്ടു. ഇത്തരക്കാർക്ക് പാർട്ടിയിൽ തുടരാൻ യാതൊരു ധാർമിക അവകാശവുമില്ലെന്ന് കോൺഗ്രസ് എംഎൽഎ വേമുല വീരേശം പറഞ്ഞു.
കോണ്ട സുരേഖയുടെ മകൾ സുഷ്മിത നടത്തിയ പരാമർശങ്ങളിൽ വിശദീകരണം ആവശ്യപ്പെട്ട് കഴിഞ്ഞ 19-ന് തെലുങ്കാന കോൺഗ്രസ് അച്ചടക്ക സമിതി നോട്ടീസ് നൽകിയിരുന്നു. മകളുടെ വ്യക്തിപരമായ പരാമർശങ്ങൾക്ക് തന്നോട് വിശദീകരണം ചോദിക്കുന്നത് സ്വാഭാവിക നീതിക്ക് നിരക്കാത്തതാണെന്നായിരുന്നു മന്ത്രി സുരേഖയുടെ മറുപടി. സംഭവത്തിൽ തനിക്ക് പങ്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാർക്കൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനു പിന്നാലെയാണു സുഷ്മിത രേവന്ത് റെഡ്ഢിക്കെതിരേ അധിക്ഷേപപരാമർശം നടത്തിയത്.
Kerala
പിറവം: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ എൻജിനിയറിംഗ് വിദ്യാർഥി മരിച്ചു. കൊല്ലം പുനലൂർ അഴിപ്ലാക്കിൽ ഉഷ മന്ദിരത്തിൽ അരുണിന്റെ മകൻ ആദിത്യ അരുൺ കുമാറാ(20)ണു മരിച്ചത്. ഓണക്കൂർ ചിന്മയ വിശ്വവിദ്യാപീഠത്തിൽ മൂന്നാംവർഷ ബിടെക് കംപ്യൂട്ടർ സയൻസ് എൻജിനിയറിംഗ് വിദ്യാർഥിയാണ് ആദിത്യ.
ബൈക്ക് ഓടിച്ചിരുന്ന ഇതേ കോളജിലെ ബിബിഎ വിദ്യാർഥിയായ പാമ്പാക്കുട അഞ്ചൽപ്പെട്ടി മംഗലത്ത് ഡോ. അരുൺ വർഗീസിന്റെ മകൻ ഇയാൻ ജോർജ് വർഗീസിന് (20) പരിക്കേറ്റു.
വെള്ളിയാഴ്ച ഉച്ചക്ക് 12.15ഓടെ പിറവം - മൂവാറ്റുപുഴ റോഡിൽ ഓണക്കൂർ കരയോഗപ്പടി ജംഗ്ഷനിലായിരുന്നു അപകടം. കോളജിലേക്കു പോകുകയായിരുന്ന വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടവഴിയിൽനിന്ന് പ്രധാന റോഡിലേക്കു പ്രവേശിച്ച കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ബൈക്കിൽനിന്നു ഇരുവരും തെറിച്ചുവീണു. വൈദ്യുത പോസ്റ്റിലിടിച്ച് ഹെൽമറ്റ് തകർന്നു തലയ്ക്കേറ്റ ഗുരുതര പരിക്കാണ് ആദിത്യയുടെ മരണകാരണം. മൃതദേഹം പിറവം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
National
ന്യൂഡൽഹി: നൂറ്റിയഞ്ചാം വയസിൽ കൊലപാതകക്കേസിൽ ശിക്ഷായിളവ് നേടി പശ്ചിമബംഗാൾ സ്വദേശി രസിക് ചന്ദ്ര മൊണ്ടൽ നിയമപുസ്തകങ്ങളിലെ അപൂർവ അധ്യായങ്ങളിലൊന്നാകുന്നു. കേസ് അവസാനിക്കുക മാത്രമല്ല ജീവപര്യന്തം ശിക്ഷയിലെ അവശേഷിക്കുന്ന കാലാവധിയും മൊണ്ടലിന്റെ കാര്യത്തിൽ സുപ്രീംകോടതി എഴുതിത്തള്ളി.
പ്രായത്തിന്റെ ആനൂകൂല്യവും പ്രതിയുടെ ശാരിരീക ബുദ്ധിമുട്ടുകളും പരിഗണിച്ചാണ് ചീഫ് ജസ്റ്റീസ് സൂര്യകാന്തും ജസ്റ്റീസ് ജോയ്മല്യ ബാഗ്ചിയും ജസ്റ്റീസ് വി. മോഹനയും അടങ്ങുന്ന ബഞ്ചിന്റെ തീരുമാനം. ജീവപര്യന്തം പൂർത്തിയായിട്ടില്ലെങ്കിലും രസിക് ചന്ദ്രയെ ഇനി കസ്റ്റഡിയിൽ എടുക്കേണ്ടെതില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
പശ്ചിമബംഗാളിലെ മാൽഡയിൽ 1920 ലാണു രസിക് ചന്ദ്രയുടെ ജനനം. അറുപത്തിയെട്ടാം വയസിൽ, 1994ൽ കൊലക്കേസ് പ്രതിയായി. 2024 നവംബർ 29വരെ ജീവപര്യന്തം തടവുംകിട്ടി. പിന്നാലെ സുപ്രീംകോടതി അനുവദിച്ച ഇടക്കാല ജാമ്യം നിയമയുദ്ധത്തിലൂടെ ജയിൽ മോചനമായി.
കൊലപാതകക്കേസിലെ ശിക്ഷ ചോദ്യംചെയ്ത് 2018 ലാണു രസിക് ചന്ദ്ര നിയമയുദ്ധം തുടങ്ങിയത്. ആദ്യം കൽക്കട്ട ഹൈക്കോടതിയെയും പിന്നാലെ സുപ്രീംകോടതിയെയും സമീപിച്ചുവെങ്കിലും അനുകൂല നിലപാട് ഉണ്ടായില്ല. ഇതിനുശേഷം പ്രായാധിക്യം ചൂണ്ടിക്കാട്ടി 2020 ൽ വീണ്ടും സുപ്രീംകോടതിയെ സമീപിക്കുന്പോൾ രസിക് ചന്ദ്രയ്ക്കു പ്രായം 99 വയസ്. സംസ്ഥാന സർക്കാരിന്റെ ഉൾപ്പെടെ വിശദീകരണം തേടിയശേഷം അന്തിമവിധിയിലെത്തുന്പോൾ പ്രതിയുടെ പ്രായം 105!.
Kerala
തിരുവനന്തപുരം: ഉദ്ഘാടന മാമാങ്കം കഴിഞ്ഞ് ആറുമാസം പിന്നിട്ടിട്ടും ‘പമ്പ’യിൽ താമസിക്കാൻ യോഗമില്ലാതെ എംഎൽഎമാർ. നിയമസഭാംഗങ്ങൾക്ക് താമസിക്കാനായി നിർമിക്കുന്ന പമ്പ ബ്ലോക്കിന്റെ ഉദ്ഘാടനം കഴിഞ്ഞ ഫെബ്രുവരിയിൽ നടത്തിയെങ്കിലും ഇതുവരെ താമസയോഗ്യമായിട്ടില്ല. ഒരു വിഭാഗം എംഎൽഎമാർക്ക് ഇപ്പോഴും നിള ബ്ലോക്കിനു മുകളിലെ ഷെഡിൽ താമസിക്കേണ്ട ദുര്യോഗമാണ്.
നിയമസഭാ തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിന് തൊട്ടുമുന്‍പ് പണി പൂർത്തിയാകാതെ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ എംഎൽഎ ഹോസ്റ്റൽ വളപ്പിലെ പന്പ ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു. സിമന്റ് പൂശൽ പോലും പൂർത്തിയാകും മുൻപു ഉദ്ഘാടനം നടത്തുകയായിരുന്നു. പുതിയ സർക്കാർ വന്നശേഷവും പന്പ ബ്ലോക്കിന്റെ നിർമാണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്.
നിലവിൽ പന്പ ബ്ലോക്കിലെഫ്ളാറ്റുകളുടെ അകത്തെ നിർമാണ പ്രവർത്തനങ്ങളാണ് നടക്കുന്നത്.
നിർമാണം പൂർത്തിയാകാൻ ഇനിയും ഒരു മാസത്തിലേറെ സമയമെടുക്കുമെന്നാണ് നിർമാണ കന്പനി അറിയിച്ചിട്ടുള്ളതെന്നാണ് സ്പീക്കറുടെ ഓഫീസ് പറയുന്നത്. 10 നിലകളിലായി 62 ഫ്ളാറ്റ് സമുച്ചയങ്ങൾ അടങ്ങിയതാണ് പന്പ ബ്ലോക്ക്. ഇതിൽ 60 എണ്ണം എംഎൽഎമാർക്കും രണ്ടെണ്ണം മുൻ സ്പീക്കർമാർക്കുമായി നൽകും. താഴെ വിപുലമായ പാർക്കിംഗ് സൗകര്യവുമുണ്ട്. ഓരോ ഫ്ളാറ്റിലും രണ്ടു കിടപ്പുമുറികളും ഓഫീസ് മുറിയും ഹാളും അടുക്കളയും അടങ്ങിയ വിപുലമായ സംവിധാനമാണ് പന്പയിലുള്ളത്. ഇതു പൂർത്തിയാകുന്നതോടെ മുഴുവൻ എംഎൽഎമാർക്കും വിപുലമായ താമസ സൗകര്യമാകും.
ഇപ്പോൾ നിള, പെരിയാർ, ചന്ദ്രഗിരി, നെയ്യാർ ബ്ലോക്കുകളിലായാണ് എംഎൽഎമാരുടെ താമസം. ഇവിടങ്ങളിൽ പഴയ ഇടുങ്ങിയ മുറികളാണുള്ളത്. പന്പ പൊളിച്ചതോടെ താമസസൗകര്യമില്ലാതായ ഏതാനും എംഎൽഎമാരെ കരമന മേലാറന്നൂരിലെ വാടക ഫ്ളാറ്റിലക്ക് മാറ്റിയിരുന്നു. ഇതിനിടെ റെയിൽവേ വികസനത്തിന്റെ ഭാഗമായി ഇവിടത്തെ പാർക്കിംഗ് ഏരിയ പൊളിച്ചതോടെ എംഎൽഎ ഹോസ്റ്റൽ വളപ്പിലെ നിളയ്ക്കു മുകളിൽ താത്കാലിക ഷെഡ് നിർമിച്ചു താമസം ഒരുക്കുകയായിരുന്നു. കേരളത്തിലെ പ്രധാന നദികളുടെ പേരാണ് എംഎൽഎമാരുടെ താമസസ്ഥലങ്ങൾക്ക്.
രണ്ടാം പിണറായി സർക്കാരിന്റെ അവസാന നാളുകളിലാണ് നിയമസഭയിലെ ശങ്കരനാരായണൻ തന്പി ഹാളിൽ ഒരുക്കിയ ചടങ്ങിൽ മുഖ്യമന്ത്രി ഓണ്‍ലൈനായി പന്പ ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിച്ചത്. അന്നത്തെ സ്പീക്കർ എ.എൻ. ഷംസീറും ചടങ്ങിൽ പങ്കെടുത്തിരുന്നു. നിർമാണം പൂർത്തിയാകാത്തതിനാലാണ് പുറത്തു വച്ചു ഓണ്‍ലൈനായി ഉദ്ഘാടനം നിർവഹിച്ചതെന്ന വിമർശനവും പ്രതിപക്ഷം ഉയർത്തിയിരുന്നു.
പുതിയ നിയമസഭ മേയിൽ വരുന്നതോടെ നിർമാണം പൂർത്തിയാക്കാൻ കഴിയുമെന്ന വിശ്വാസത്തിലായിരുന്നു ഉദ്ഘാടനം. ഊരാളുങ്കൽ ലേബർ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് 78 കോടി രൂപയ്ക്ക് നിർമാണ കരാർ ഏറ്റെടുത്തിട്ടുള്ളത്. ഉദ്ഘാടനം കഴിഞ്ഞ സാഹചര്യത്തിൽ നിർമാണം പൂർത്തിയാക്കി ഒക്ടോബറിലെങ്കിലും പാലുകാച്ചൽ നടത്തി ഗൃഹപ്രവേശനത്തിനുള്ള ഒരുക്കമാണ് പുരോഗമിക്കുന്നത്.
National
ഛത്രപതി സംഭാജിനഗർ: ആത്മഹത്യ ചെയ്യാൻ തുനിഞ്ഞ മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മലമുകളിൽനിന്ന് താഴേക്കു വീണ് മകനും അച്ഛനും മരിച്ചു.
സംഭവം കണ്ടുനിന്ന അമ്മയും താഴേക്കു ചാടി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലെ ടീസ്ഗാവ് പ്രദേശത്തുള്ള ഖവാഡ്യ മലനിരകളിലാണ് നാടിനെയാകെ നടുക്കിയ സംഭവം നടന്നത്.
പത്തൊന്‍പതുകാരനായ കുനാൽ ചാന്ദ്ഗുഡെ ആത്മഹത്യ ചെയ്യാനായി മലമുകളിലേക്ക് ഓടിക്കയറിയതറിഞ്ഞ് പിന്നാലെ എത്തിയതായിരുന്നു മാതാപിതാക്കൾ. മൊബൈൽഫോൺ വാങ്ങിനൽകാത്തതിന്റെ പേരിൽ മാതാപിതാക്കളുമായി തർക്കത്തിലായിരുന്നു കുനാൽ.
മലനിരകളുടെ താഴെവച്ച് മകനെ പിന്തിരിപ്പിക്കാൻ മുരളീധറും (48) സംഗീതയും ശ്രമിച്ചു. ഫയർ ബ്രിഗേഡും പോലീസും സ്ഥലത്തെത്തി താഴെ വല സ്ഥാപിച്ചു. മുരളീധറും സംഗീതയും മലമുകളിൽ കുനാൽ നിൽക്കുന്നിടത്ത് എത്തി അനുനയിപ്പിക്കാൻ ശ്രമിച്ചു. ഇതിനിടെ, കുനാൽ മറ്റൊരിടത്തേക്ക് മാറി.
മകനെ പിടിച്ചു പിന്നിലേക്കു നീക്കാൻ മുരളീധർ ശ്രമിക്കുന്നതിനിടെ രണ്ടു പേരും കൊക്കയിലേക്കു വീഴുകയായിരുന്നു. ഇതു കണ്ടു നിന്ന അടുത്തനിമിഷം സംഗീത താഴേക്കു ചാടി. സംഭവസ്ഥലത്തുവച്ചുതന്നെ മൂവരും മരിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും പ്രദേശവാസികളും ചേർന്നാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.
International
ന്യൂയോർക്ക്: ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് അമേരിക്കൻ സന്ദർശനത്തിനൊരുങ്ങവേ, സംഘടനയ്ക്ക് ഉപരോധം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് യുഎസ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷൻ (യുഎസ്സിഐആർഎഫ്). ആർഎസ്എസ് നേതാക്കൾക്കു നയതന്ത്രപരിഗണനയോ ഉന്നതതല കൂടിക്കാഴ്ചകൾക്ക് അവസരമോ നൽകരുതെന്നും സംഘടന ആവശ്യപ്പെട്ടു.
ഇന്ത്യയിൽ മുസ്ലിം, ക്രിസ്ത്യൻ മതന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളിൽ ആർഎസ്എസ് പങ്കാളികളാണെന്ന് സമിതി ചൂണ്ടിക്കാട്ടി. ഈമാസം 29ന് ന്യൂയോർക്കിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ മോഹൻ ഭാഗവത് എത്തുന്നതിന് തൊട്ടുമുമ്പാണ് സമിതിയുടെ ഈ നിർദേശം.
അതേസമയം, ആർഎസ്എസ് തലവന്റെ സന്ദർശനത്തെ ‘ഹിന്ദൂസ് ഫോർ ഹ്യൂമൻ റൈറ്റ്സ്’എന്ന സംഘടനയും വിമർശിച്ചു. മുന്‍പും ബിജെപി സർക്കാരിനെതിരേ യുഎസ്സിഐആർഎഫ് രംഗത്തെത്തിയിരുന്നെങ്കിലും ആരോപണങ്ങൾ പക്ഷപാതപരമാണെന്നു വ്യക്തമാക്കി ഇന്ത്യ ഇവ തള്ളിക്കളഞ്ഞിരുന്നു.
29ന് ന്യൂയോർക്കിൽ നടക്കുന്ന ആർഎസ്എസ് ജന്മശതാബ്ദി ആഘോഷ പരിപാടിയിൽ പങ്കെടുക്കാനാണ് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് എത്തുന്നത്. ‘അമേരിക്കൻ ഹിന്ദൂസ് ഫോർ എൻഗേജ്മെന്റ് ആൻഡ് ഡയലോഗ്സ്’എന്ന സംഘടനയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
Kerala
തിരുവനന്തപുരം: ഉദ്യോഗസ്ഥരെ ലോക് ഭവനിലേക്ക് വിളിച്ചു വരുത്തരുതെന്ന മുഖ്യമന്ത്രിയുടെ നിലപാട് തള്ളി ഗവർണർ രാജേന്ദ്ര അർലേക്കർ.
ഭരണഘടനയെക്കുറിച്ചുള്ള തന്റെ ചെറിയ അറിവ് വച്ചു തനിക്ക് അതിനുള്ള അധികാരം ഉണ്ടെന്നാണ് കരുതുന്നതെന്നു ഗവർണർ പറഞ്ഞു. സർക്കാരിനു ഗവർണർ എന്ന ഭരണഘടനാസ്ഥാപനത്തോട് സൗഹാർദ ബന്ധമായിരിക്കണം.
ഗവർണർ എന്ന പദവിയെ ആദരവോടെ കാണണം. വിദ്യാഭ്യാസത്തെ രാഷ്ട്രീയവത്കരിക്കരുത് എന്നതുകൊണ്ടാണ് ഭരണഘടനാ നിർമാതാക്കൾ സർവകലാശാലകളെ സർക്കാരിന്റെ പരിധിക്കു പുറത്തു നിർത്തി ഗവർണർമാരെ ഏൽപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. മോഹൻ കുന്നുമ്മൽ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിനെതിരായ സർക്കാർ നിലപാടും ഗവർണർ തള്ളി.
വിസിമാർ എന്തെങ്കിലും നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ സർക്കാർ വന്ന് തന്നോട് പറയട്ടെ, താൻ അപ്പോൾ മറുപടി നൽകാമെന്നും രാജേന്ദ്ര അർലേക്കർ പറഞ്ഞു.
Kerala
കൊച്ചി: കോടതിനടപടികള്‍ അനുമതിയില്ലാതെ റിക്കാർഡ് ചെയ്തു യുട്യൂബില്‍ പ്രചരിപ്പിച്ച അഭിഭാഷകന് കാരണംകാണിക്കല്‍ നോട്ടീസ് നല്കി ഹൈക്കോടതി.
രജിസ്ട്രി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വമേധയാ സ്വീകരിച്ച കോടതിയലക്ഷ്യ നടപടിയുടെ ഭാഗമായി അഭിഭാഷകനായ മാത്യൂസ് ജെ. നെടുമ്പാറയ്ക്കാണ് ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് വി.എം. ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് സെപ്റ്റംബര്‍ ഏഴിനകം വിശദീകരണം നല്കാന് നിര്‍ദേശിച്ചു നോട്ടീസ് നല്‍കിയത്.
ഇനിയൊരു ഉത്തരവ് ഉണ്ടാകുംവരെ കേരളത്തിലെ കോടതികളില്‍ ഓണ്‍ലൈനായോ വെര്‍ച്വലായോ ഹാജരാകുന്നതില്‍നിന്ന് മാത്യൂസ് നെടുമ്പാറയെ കോടതി വിലക്കി.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ ഗർഭച്ഛിദ്ര ഗുളികകളുടെ ഉപയോഗവും പ്രചാരവും വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇതിനെതിരേ ശക്തമായ പ്രാർഥനയും ബോധവത്കരണ നടപടികളുമായി യുഎസ് കത്തോലിക്കാ മെത്രാൻ സമിതി.
പ്രോ ലൈഫ് സമിതിയുടെ നേതൃത്വത്തിൽ ഒക്ടോബർ അവസാനം വരെ നീണ്ടുനിൽക്കുന്ന പ്രാർഥനായജ്ഞത്തിനും പ്രതിഷേധ പരിപാടികൾക്കുമാണ് സഭ ആഹ്വാനം ചെയ്തിരിക്കുന്നത്.
“ഓരോ ഗർഭച്ഛിദ്രവും ഒരു കുഞ്ഞിന്റെ മരണത്തിനും അമ്മയുടെ ആരോഗ്യത്തിന് ഗുരുതരമായ പ്രശ്നങ്ങൾക്കുമാണ് കാരണമാകുന്നത്. ഗുളികകൾ എളുപ്പത്തിൽ ലഭ്യമാകാൻ തുടങ്ങിയതോടെ രാജ്യത്തു ഗർഭച്ഛിദ്രനിരക്കും ആരോഗ്യസംബന്ധമായ അപകടസാധ്യതകളും ആശങ്കാജനകമായ രീതിയിൽ ഉയരുകയാണ്”-യുഎസ് മെത്രാൻസമിതി പ്രസിഡന്റ് ആർച്ച്ബിഷപ് പോൾ കോക്ലിയും പ്രോ ലൈഫ് കമ്മിറ്റി ചെയർമാൻ ബിഷപ് ഡാനിയൽ തോമസും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
ഓൺലൈൻ വഴിയും തപാൽമാർഗവും ഗർഭച്ഛിദ്ര ഗുളികകൾ ലഭ്യമാക്കാൻ യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അനുമതി നൽകിയതാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്ന് ബിഷപ്പുമാർ ചൂണ്ടിക്കാട്ടി. വൈദ്യസഹായമോ മേൽനോട്ടമോ ഇല്ലാതെ സ്ത്രീകൾ ഒറ്റയ്ക്കു ഗർഭച്ഛിദ്രത്തിന് മുതിരുന്നത് വലിയ അപകടങ്ങൾക്ക് വഴിവയ്ക്കുന്നുണ്ടെന്നും ഇതു ചൂഷണങ്ങൾക്ക് ആക്കം കൂട്ടുന്നുണ്ടെന്നും അവർ മുന്നറിയിപ്പ് നൽകി.
വിശ്വാസികൾ വിശുദ്ധ യൗസേപ്പിതാവിന്റെ മധ്യസ്ഥത തേടി പ്രാർഥിക്കണമെന്നും ഗർഭച്ഛിദ്ര ഗുളികകൾ നിർമിക്കുന്ന മരുന്ന് കമ്പനികൾക്കെതിരേയുള്ള പ്രതിഷേധങ്ങളിൽ അണിചേരണമെന്നും മെത്രാൻസമിതി അഭ്യർഥിച്ചു.
Kerala
കൊച്ചി: ലഹരിക്കെതിരേ ശക്തമായ നടപടികളുമായി മുന്നേറുന്ന ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി സംസ്ഥാനത്തു നടന്ന അറസ്റ്റിൽ എറണാകുളം ജില്ല മുന്നിൽ. എറണാകുളം സിറ്റിയിലും റൂറലിലുമായി 1,393 പേരാണ് അറസ്റ്റിലായത്. സംസ്ഥാനത്താകെ ഇതുവരെ 10,015 പേരെ അറസ്റ്റ് ചെയ്തു. 9,280 കേസുകൾ രജിസ്റ്റർ ചെയ്തു.
എറണാകുളത്തിനു പിന്നാലെ കോഴിക്കോട് 1373, മലപ്പുറം 999, തിരുവനന്തപുരം 894, കൊല്ലം 846 എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഏറ്റവും കുറവ് കാസർഗോഡാണ്. 197 കേസുകളിലായി 229 പേരെ അറസ്റ്റ് ചെയ്തു.
കേസുകളുടെ എണ്ണം 9,280 ആകുമ്പോൾ രണ്ടാമത് എറണാകുളം തന്നെയാണ്. ഇവിടെ 1.261 കേസുകൾ രജിസ്റ്റർ ചെയ്തു. 1327 കേസുമായി കോഴിക്കോട് ഒന്നാം സ്ഥാനത്തും 875 കേസുകളുമായി മലപ്പുറം മൂന്നാം സ്ഥാനത്തുമുണ്ട്.
വിവിധ കേസുകളിലായി സംസ്ഥാനത്ത് ഇതുവരെ 8.28 കിലോഗ്രാം എംഡിഎംഎയും 1004.784 കിലോഗ്രാം കഞ്ചാവും 2382 കഞ്ചാവ് ചെടികളും പിടിച്ചെടുത്തിട്ടുണ്ട്.
Kerala
കൊച്ചി: സ്തനാർബുദ ചികിത്സയ്ക്ക് കുറഞ്ഞ വിലയുള്ള പാൽബൊസിക്ലിബ് എന്ന മരുന്ന് ഉപയോഗിക്കാനാകുമോയെന്ന് അറിയിക്കാൻ ഡൽഹി എയിംസിലെ ദേശീയ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്, കോൽക്കത്തയിലെ ചിത്തരഞ്ജൻ നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങൾക്കു ഹൈക്കോടതി നിർദേശം.
റിബോസിക്ലിബ് എന്ന വിലകൂടിയ മരുന്ന് ഉപയോഗിക്കുന്നതുമൂലം ഒരു മാസത്തെ ചികിത്സയ്ക്കായി 58,000 രൂപയോളം ചെലവ് വരുന്ന സാഹചര്യത്തിലാണു ജസ്റ്റീസ് ഹരിശങ്കർ വി. മേനോൻ ഇതുസംബന്ധിച്ച് നിലപാട് തേടുന്നത്.
ചികിത്സിക്കുന്ന ഡോക്ടറാണ് മരുന്ന് ഉപയോഗ കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്ന് തിരുവനന്തപുരം റീജണൽ കാൻസർ സെന്ററും (ആർസിസി) പാൽബൊസിക്ലിബ് മരുന്ന് റിബോസിക്ലിബിനു പകരമായി ഉപയോഗിക്കാനാകില്ലെന്ന് കോടതി ചമതലപ്പെടുത്തിയ അമിക്കസ് ക്യൂറിയും അറിയിച്ചിരുന്നു. ഇക്കാര്യങ്ങൾ കൂടി പരിഗണിച്ചാണ് കോടതി ദേശീയസ്ഥാപനങ്ങളുടെ നിലപാടുകൂടി ആരായുന്നത്.
സ്തനാർബുദ ബാധിതയായ സ്ത്രീ നൽകിയ ഹർജി അവരുടെ മരണത്തെത്തുടർന്ന് കോടതി സ്വമേധയാ പരിഗണിക്കുകയാണ്. കേസിൽ കക്ഷിചേരാനുള്ള മലപ്പുറം സ്വദേശിനിയായ രോഗബാധിതയുടെ അപേക്ഷ കോടതി അനുവദിച്ചു. ഹർജി വീണ്ടും സെപ്റ്റംബർ മൂന്നിന് പരിഗണിക്കും.
Kerala
തിരുവനന്തപുരം: ക്ഷേമപെൻഷൻ വിതരണത്തിൽ നിന്നു സഹകരണ സംഘങ്ങളെ ഒഴിവാക്കാനുള്ള ധനവകുപ്പ് തീരുമാനത്തിൽ സഹകരണ വകുപ്പിന് ആശങ്കയുണ്ടെന്നു മന്ത്രി എം. ലിജു.
ചില സഹകരണ സംഘങ്ങൾ ആശങ്ക അറിയിച്ചിരുന്നു. രോഗികൾക്ക് അടക്കം നടക്കാൻ കഴിയാത്തവർക്ക് പെൻഷൻ വീട്ടിൽ എത്തിക്കുന്നതിന് സഹകരണ സംഘങ്ങളെ ഒഴിവാക്കരുതെന്ന് മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ അഭ്യർഥിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: മദ്യനയം രൂപീകരിക്കുന്നതിനു മുന്നോടിയായി സംസ്ഥാനത്തെ സാമൂഹിക സംഘടനകളുമായും ചർച്ച നടത്തുമെന്നു മന്ത്രി എം.ലിജു.
ബാലൻസ്ഡ് മദ്യനയം രൂപീകരിക്കുന്നതിന്റെ ഭാഗമായി വ്യക്തികളുടെയും അഭിപ്രായങ്ങൾ കേൾക്കും. ഓണം കഴിഞ്ഞാലുടൻ മദ്യനയവുമായി ബന്ധപ്പെട്ട ചർച്ചകൾ തുടങ്ങും. വേഗത്തിൽ പൂർത്തിയാക്കും. യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റേയും ഇതുസംബന്ധിച്ച നയവും നിർണായകമാകും.
വീര്യം കുറഞ്ഞ മദ്യത്തിന്റെ കാര്യത്തിലടക്കം നയത്തിൽ കൃത്യമായ നിർദേശങ്ങളുണ്ടാകും. ബിവറേജസ് കോർപറേഷൻ നഷ്ടത്തിലായതിന് കഴിഞ്ഞ സർക്കാർ ഗാലനേജ് ഫീസ് ഈടാക്കിയതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളാണ് കാരണം.
ലാഭ വിഹിതത്തിൽ നിന്നും റിസർവ് ഫണ്ടിൽ നിന്നും പണം കഴിഞ്ഞ സർക്കാർ തട്ടിയെടുത്തതാണ് ബെവ്കോയെ നഷ്ടത്തിലാക്കിയത്. ബെവ്കോയെ പ്രഫഷണലാക്കാൻ നടപടി സ്വീകരിക്കും. ട്രാവൻകൂർ ഷുഗേഴ്സിനും മലബാർ ഡിസ്റ്റിലറീസിനെയും പ്രഫഷണലാക്കുമെന്നും മന്ത്രി പറഞ്ഞു.
Kerala
പെരുമ്പാവൂര്‍: കാണാതായ പെൺകുട്ടിയെ കണ്ടെത്താന്‍ കുറുപ്പംപടി പോലീസ് സഞ്ചരിച്ചത് 4,000 കിലോമീറ്ററോളം. കുറുപ്പംപടി സ്റ്റേഷന് പരിധിയില്‍നിന്നു കാണാതായ ഒഡീഷ സ്വദേശികളായ ദമ്പതികളുടെ പതിമൂന്നുകാരിയായ മകളെയാണ് പ്രത്യേക അന്വേഷണസംഘം ഒഡീഷയിലെ ഗഞ്ചം ജില്ലയിലെ നബാഗൊച്ച ഗ്രാമത്തില്‍നിന്നു കണ്ടെത്തിയത്.
കഴിഞ്ഞ 13നാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മകളെ കാണാനില്ലെന്ന പരാതിയുമായി കുറുപ്പംപടി സ്റ്റേഷനിലെത്തിയത്. പരാതി ലഭിച്ചയുടൻ കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം ആരംഭിച്ചു. കുട്ടി താമസിച്ചിരുന്ന മേഖലയിൽ വ്യാപക പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സേലത്തു ജോലി ചെയ്യുന്ന കേശവ് എന്നയാളെക്കുറിച്ച് വിവരം ലഭിച്ചു. ഇയാളില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സേലത്തെ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്ന ഒഡീഷ സ്വദേശിയായ യുവാവുമായി കുട്ടിക്ക് സൗഹൃദമുണ്ടായിരുന്നതായി പോലീസ് കണ്ടെത്തി.
തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ.എസ്. സുദര്‍ശന്റെ നിര്‍ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം ഒഡീഷയിലേക്ക് യാത്രതിരിച്ചു.
ഒഡീഷയില്‍ നടത്തിയ അന്വേഷണത്തിൽ കുട്ടി അലോക് എന്ന യുവാവിനൊപ്പം ഗഞ്ചം ജില്ലയിലെ നബാഗൊച്ച ഗ്രാമത്തിൽ നിന്ന് കണ്ടെത്തുകയായിരുന്നു. സബ് ഇന്‍സ്പെക്ടര്‍ കെ.എം. അബി, സീനിയര്‍ സിപിഒമാരായ എന്‍.പി. ബിന്ദു, അരുണ്‍ കെ. കരുണന്, രജിത് രാം എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.
Kerala
കൊച്ചി: പാലത്തായ് പോക്സോ കേസ് പ്രതി സ്കൂള്‍ അധ്യാപകനും ബിജെപി നേതാവുമായ പത്മരാജന് തലശേരി ഫാസ്റ്റ് ട്രാക്ക് കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു.
തുടര്‍ന്ന് ഉപാധികളോടെ ജാമ്യവും അനുവദിച്ചു. 2025 നവംബര്‍ 14ലെ വിധിക്കെതിരായ അപ്പീലിനൊപ്പം സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് ജസ്റ്റീസുമാരായ വി. വിജയരാഘവന്, കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
പെണ്‍കുട്ടിയുടെ മൊഴിയിലെ വൈരുധ്യങ്ങളും മറ്റു സാഹചര്യങ്ങളും പരിഗണിക്കാതെയാണു വിചാരണക്കോടതിയുടെ വിധിയെന്ന ഹര്‍ജിക്കാരന്റെ വാദത്തില്‍ പ്രഥമദൃഷ്ട്യാ പ്രസക്തിയുണ്ടെന്നു വിലയിരുത്തിയാണ് ഉത്തരവ്.
600ഓളം കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ശ്രദ്ധയില്‍പ്പെടാതെ ഇത്തരം സംഭവം നടക്കാനുള്ള സാധ്യതയില്ലെന്ന പ്രതിയുടെ വാദം കോടതി പരിഗണിച്ചു. കേസില്‍ ആദ്യം നടത്തിയ അന്വേഷണത്തില്‍നിന്നു വ്യത്യസ്തമായി അവസാനം അന്വേഷണം നടത്തിയ ഉദ്യോഗസ്ഥന് മനഃപൂര്‍വം പ്രതിയാക്കുകയായിരുന്നെന്ന വാദവും ഹര്ജിക്കാരന് ഉയര്‍ത്തുന്നുണ്ട്.
ഒരു ലക്ഷം രൂപ ബോണ്ടും രണ്ട് ആള്‍ജാമ്യവുമാണ് പ്രധാന വ്യവസ്ഥ. ഇരയായ പെണ്‍കുട്ടി താമസിക്കുന്ന ജില്ലയില്‍ പ്രവേശിക്കരുത്, കേസ് അട്ടിമറിക്കാനോ സ്വാധീനിക്കാനോ ശ്രമിക്കരുത്, കോടതി അനുമതിയില്ലാതെ രാജ്യം വിടരുത്, മറ്റ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത് തുടങ്ങിയവയാണ് മറ്റ് ഉപാധികള്‍.
2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയില്‍ കണ്ണൂര്‍ പാലത്തായിയിലെ പത്തു വയസുകാരിയെ സ്കൂളിനകത്തും പുറത്തും വച്ച് മൂന്നു തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിലാണ് പത്മരാജന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷിച്ചത്. പോക്സോ കുറ്റങ്ങളില്‍ 40 വര്‍ഷം തടവും വിധിച്ചിരുന്നു.
National
ഭാവ്നഗർ: ഗുജറാത്തിലെ ഭാവ്നഗർ ജില്ലയിൽ വ്യാജ മദ്യം കഴിച്ചു ചികിത്സയിലുള്ള 25 പേരിൽ പത്തു പേരുടെ നില ഗുരുതരം. എട്ടു പേരാണ് ഇതുവരെ മരിച്ചത്. 61 പേരാണ് ചികിത്സ തേടിയത്.
കേസിൽ പ്രതിചേർക്കപ്പെട്ട 21 പേരിൽ 13 പേരെ അറസ്റ്റ് ചെയ്തു. മദ്യനിരോധനമുള്ള സംസ്ഥാനമാണു ഗുജറാത്ത്. ആഭ്യന്തര മന്ത്രി ഹർഷ് സാംഗ്വി രാജിവയ്ക്കണമെന്നു കോൺഗ്രസ് ആവശ്യപ്പെട്ടു.
National
ഛത്രപതി സംബാജിനഗർ: ഐഫോൺ ഗഡു അടയ്ക്കുന്നതിനെച്ചൊല്ലിയുള്ള കുടുംബതർക്കത്തിന് പിന്നാലെ മഹാരാഷ്ട്രയിൽ കൗമാരക്കാരനും മാതാപിതാക്കളും കുന്നിൻ മുകളിൽ നിന്ന് വീണ് മരിച്ചു. ഛത്രപതി സംബാജിനഗറിലെ തിസ്ഗാവ് മേഖലയിലാണ് നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്. കുനാൽ (18), പിതാവ് മുരളീധർ ചാന്ദ്ഗുഡെ, മാതാവ് സംഗീത എന്നിവരാണ് മരിച്ചത്.
ഐഫോണിന്റെ ഇഎംഐ തുക നൽകുന്നതിനെച്ചൊല്ലി കുനാലും പിതാവും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഇതിന് പിന്നാലെ കോപത്തോടെ വീടുവിട്ടിറങ്ങിയ കുനാൽ സമീപത്തെ കുന്നിൻ മുകളിൽ കയറി ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കി. പോലീസും മാതാപിതാക്കളും നാട്ടുകാരും ചേർന്ന് മൂന്ന് മണിക്കൂറോളം സംസാരിച്ച് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
ഒടുവിൽ കുനാലിനെ ബലമായി പിടിച്ചുകൊണ്ടുപോരാൻ പിതാവ് ശ്രമിക്കുന്നതിനിടെ ഇരുവരും നിയന്ത്രണം വിട്ട് മലയിടുക്കിലേക്ക് വീഴുകയായിരുന്നു. ഭർത്താവും മകനും താഴേക്ക് വീഴുന്നത് കണ്ട മാതാവ് സംഗീതയും തൊട്ടുപിന്നാലെ താഴേക്ക് ചാടുകയായിരുന്നു. മൂവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു.